test del 4 copy of del 3
പാട്ടും നൃത്തവുമായി ‘പാറ്റ’ നഗരസഭാ ഓഫിസിൽ; യമുനാ മലിനീകരണത്തിനെതിരെ മഥുരയിൽ വേറിട്ട പ്രതിഷേധം

മഥുര∙ യമുനാ നദിയിലെ മലിനീകരണത്തിൽ രോഷാകുലനായ സാമൂഹിക പ്രവർത്തകൻ ‘പാറ്റ’യുടെ വേഷം ധരിച്ച് പാട്ടും നൃത്തവുമായി മഥുര നഗരസഭാ ഓഫിസിലെത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ യമുനയുടെ സ്ഥിതി വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്നാണ് പാറ്റയുടെ വേഷമണിഞ്ഞെത്തിയ സാമൂഹികപ്രവർത്തകൻ ദീപക് ശർമ പറഞ്ഞത്. ‘‘യമുനയിലെ മലിനീകരണത്തിനും നഗരത്തിലെ മാലിന്യത്തിനും നേരെ കണ്ണടയ്ക്കുന്ന കഴിവുകെട്ട ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് പാറ്റയുടെ വേഷം കെട്ടേണ്ടി വന്നത്’’ – ശർമ പറഞ്ഞു. ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മ തുടങ്ങിയതിനു പിന്നാലെയാണ് ഈ പ്രതിഷേധം. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ ക്യാംപെയ്ൻ നടത്തുന്ന ആക്ഷേപഹാസ്യ അക്കൗണ്ടാണ് സിജെപി. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ തന്നെ അതു ലംഘിക്കുകയാണെന്നും അവർക്കെതിരെ എഫ്ഐആർ നൽകാൻ പൊതുജനങ്ങളും തനിക്കൊപ്പം ചേരണമെന്നും ശർമ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി മുതിർന്ന ഉദ്യോഗസ്ഥരുടെ കാറുകൾക്കു മുന്നിലും അദ്ദേഹം നിന്നു. സംഭവത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. കഴിഞ്ഞയാഴ്ച, അഭിഭാഷകർക്ക് ‘സീനിയർ’ പദവി നൽകുന്നതുമായി ബന്ധപ്പെട്ട കോടതി വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് ‘പാറ്റകൾ’, ‘പരാന്നഭോജികൾ’ എന്നീ വാക്കുകൾ ഉപയോഗിച്ചുവെന്ന വിവാദത്തിനു പിന്നാലെയാണ് സിജെപി എന്ന എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങിയുള്ള നീക്കം ശ്രദ്ധ നേടിയത്. വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് കടന്നുവരുന്നവരെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശമെന്നും അതു തെറ്റായി ഉദ്ധരിക്കപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
Source link


