NEWS

ഇതുപോലൊരു ജീവിതം ഉപേക്ഷിച്ച് നിങ്ങളാണെങ്കിൽ വിദേശത്തേക്ക് പോകുമോ? നാട് വിട്ടുപോയതിൽ   കുറ്റബോധമെന്ന് പ്രവാസി


ആലപ്പുഴ: പലർക്കും വിദേശത്ത് നിന്നും സ്വന്തം നാട്ടിലേക്കുള്ള മടക്കം സമാധാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. നഗരജീവിതത്തിലെ ബഹളങ്ങളിൽ നിന്നൊക്കെ അകന്ന്, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കേരളത്തിലെ കൊച്ചു ഗ്രാമത്തിന്റെ ശാന്തതയും ഭംഗിയും പങ്കുവയ്ക്കുകയാണ് യുകെയിൽ ജോലി ചെയ്യുന്ന വിഷ്ണു വിജയധരൻ എന്ന 25കാരൻ. ലണ്ടനിൽ നിന്നും നാട്ടിലെത്തുമ്പോൾ തനിക്ക് ലഭിക്കുന്ന മനോഹരമായ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ വിഷ്ണു പങ്കുവച്ചത്.
പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങൾക്ക് നടുവിലുള്ള തന്റെ വീടിന്റെ മനോഹരമായ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഭക്ഷണത്തിനള്ള എല്ലാ വിഭവങ്ങളും സ്വന്തമായി ഉത്പാദിപ്പിച്ച്, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മാതാപിതാക്കളുടെ ജീവിതശൈലിയും വിഷ്ണു വീഡിയോയിൽ കാണിക്കുന്നുണ്ട്. വീട്ടുമുറ്റത്ത് തഴച്ചുവളരുന്ന വാഴ, അവോക്കാഡോ, പ്ലാവ്, ചതുരപ്പുളി, വിവിധയിനം മാവുകൾ എന്നിവയെല്ലാം പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിന്റെ മനോഹര കാഴ്ചകളാണ്. നാടൻ ഭക്ഷണത്തിന്റെ രുചിയും ഗ്രാമീണ ജീവിതത്തിന്റെ ശാന്തതയുമാണ് വീഡിയോയുടെ പ്രധാന ആകർഷണം. പ്രഭാതഭക്ഷണമായി കഴിക്കുന്ന ചൂട് കഞ്ഞിയും പയറും മെഴുക്കുപുരട്ടിയും തരുന്ന തൃപ്തി വിഷ്ണു പങ്കുവയ്ക്കുന്നുണ്ട്.
പിന്നീട് കായലിൽ നിന്ന് ഫ്രഷായി പിടിച്ചെടുത്ത കക്കയും ഞണ്ടുമെല്ലാം വീട്ടിലെത്തിക്കുന്നതും, അമ്മ അത് സ്വാദിഷ്ടമായി തയ്യാറാക്കുന്നതും വീഡിയോയിൽ കാണാം. ലളിതമെങ്കിലും ഏറെ അർത്ഥവത്തായ ഗ്രാമീണതയോടെയാണ് വീഡിയോ മുന്നോട്ട് പോകുന്നത്. കുട്ടിക്കാലത്തെ കൂട്ടുകാർക്കൊപ്പം തെളിനീരുള്ള നാട്ടുകുളത്തിൽ നീന്തിത്തുടിക്കുന്ന വിഷ്ണുവിനെ വീഡിയോയിൽ കാണാം. കൂടാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട്ടു വീടുകളും, അതിനുള്ളിലെ രഹസ്യ നിലവറകളും വിഷ്ണു കാഴ്ചക്കാർക്കായി പരിചയപ്പെടുത്തുന്നുണ്ട്. ഇതുപോലൊരു ജീവിതം ഉപേക്ഷിച്ച് നിങ്ങളാണെങ്കിൽ വിദേശത്തേക്ക് പോകുമോ? ഈ നിമിഷത്തിൽ നാട് വിട്ടുപോയതിൽ തനിക്ക് കുറ്റബോധം തോന്നുന്നുണ്ടെന്നും വിഷ്ണു പങ്കുവച്ചു.
സൂര്യാസ്തമയ സമയത്ത് നാട്ടിലെ ഒരു പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കവെയാണ് വിഷ്ണു പ്രവാസ ജീവിതത്തിന്റെ വൈകാരികമായ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. വിദേശത്ത് കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒട്ടുമിക്ക യുവാക്കളും നാട്ടിലെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തുന്നതിലൂടെ ചെയ്യുന്ന വൈകാരികമായ വിട്ടുവീഴ്ചകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സമാധാനപരമായ ഒരു കുടുംബ നിമിഷത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.


Source link
NEWS

Back to top button