test del 3

അവയവക്കച്ചവടത്തിന് പിന്നിലെ ‘മാസ്റ്റർ ബ്രെയിൻ’ നജീബോ?; പൊലീസിനെ ഞെട്ടിച്ച ഹൈടെക് വ്യാജരേഖാ നിർമാണം


കൊച്ചി ∙ അന്തർസംസ്ഥാന അവയവക്കച്ചവട റാക്കറ്റിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബ് കല്ലട്ര (53) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് പിടിയിലായതോടെ പുറത്തുവരുന്നത് കേരളം മുഴുവൻ വ്യാപിച്ച അവയവക്കച്ചവട റാക്കറ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. കാസർകോട് കൽനാട് അൽ നിഹാമത്ത് മൻസിലിൽ നജീബിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണു പ്രതീക്ഷ. നജീബിന്റെ ഭാര്യ റഷീദ ഉൾപ്പെടെ ഒൻപതോളം പേർ അവയവ കച്ചവട കേസിൽ അറസ്റ്റിലായിട്ടുണ്ട്. പാവപ്പെട്ടവരെ ചൂഷണം ചെയ്ത് 5–10 ലക്ഷം രൂപയ്ക്ക് അവയവങ്ങൾ ലഭ്യമാക്കുകയും സ്വീകര്‍ത്താക്കളിൽനിന്ന് 20 മുതൽ 50 ലക്ഷം വരെ ഈടാക്കി അവയവങ്ങൾ വിൽക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നടന്ന അവയവദാനവുമായി ബന്ധപ്പെട്ടു സമർപ്പിക്കപ്പെട്ട രേഖകളിൽ സംശയം തോന്നിയതാണ് ഈ വൻ മാഫിയയെക്കുറിച്ചുള്ള ആദ്യ സൂചന പൊലീസിനു നൽകിയത്. അവയവദാനത്തിന് അനുമതി നൽകുന്ന ഓതറൈസേഷൻ സമിതിക്കു മുന്നിലെത്തിയ രേഖകളിലെ സീലുകളിലും ഒപ്പുകളിലും ചില പൊരുത്തക്കേടുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നു നടത്തിയ പ്രാഥമിക പരിശോധനയിൽ വില്ലേജ് ഓഫിസറുടെയും തഹസിൽദാറുടെയും പേരിൽ സമർപ്പിക്കപ്പെട്ട സാക്ഷ്യപത്രങ്ങൾ വ്യാജമാണെന്നു തെളിഞ്ഞു. കൊല്ലം കിളികൊല്ലൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം എറണാകുളത്തെ ഏജന്റുമാരിലേക്കു നീണ്ടു. അത് എത്തിനിന്നതാകട്ടെ നജീബിലും. വടക്കേക്കര സ്വദേശിനിയായ വീട്ടമ്മയുടെ അവയവദാനവുമായി ബന്ധപ്പെട്ട സംഭവമാണ് ഈ വൻ റാക്കറ്റിന്റെ ചുരുളഴിക്കുന്നതിൽ നിർണായകമായത്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്ന ഈ സ്ത്രീയെ നജീബും സംഘവും സ്വാധീനിക്കുകയും വലിയൊരു തുക വാഗ്ദാനം ചെയ്തു വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയുമായിരുന്നു. എന്നാൽ ജില്ലാ, സംസ്ഥാന ഓതറൈസേഷൻ സമിതികള്‍ വൃക്കദാനത്തിന് അനുമതി നൽകിയില്ല. അടുത്ത ബന്ധുവല്ലെന്നും സാമ്പത്തിക ഇടപാട് ഉൾപ്പെട്ടിട്ടുണ്ട് എന്നു വ്യക്തമാക്കിയുമാണ് ഈ തീരുമാനം. ഇതിനെതിരെ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ വീണ്ടും പരിഗണിക്കാൻ കോടതി നിർദേശിച്ചു. എന്നാൽ അപ്പീൽ സമിതി അവയവദാനത്തിന് അനുമതി നൽകിയില്ല. പക്ഷേ, മാസങ്ങൾക്കുശേഷം ഈ സ്ത്രീയുടെ വൃക്ക മലപ്പുറം സ്വദേശിക്കു നൽകി എന്ന വിവരം പൊലീസ് അറിഞ്ഞു. എല്ലാം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 9.5 ലക്ഷം രൂപയായിരുന്നു വൃക്ക നൽകിയതിനു വീട്ടമ്മയ്ക്ക് നൽകിയത്. വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശിയിൽനിന്ന് ഈടാക്കിയത് 20 ലക്ഷവും. നിയമാനുസൃതമല്ലാതെ വൃക്ക നൽകിയ വീട്ടമ്മയെയും കേസിൽ പ്രതി ചേർക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.


Source link

Back to top button