test del 3
ട്രംപിന് വീണ്ടും തിരിച്ചടി; 10 % തീരുവയ്ക്കും കോടതി വിലക്ക്, ക്രൂഡ് ഓയിൽ വിലയിൽ ‘തീയിട്ട്’ വീണ്ടും യുഎസ് – ഇറാൻ ഏറ്റുമുട്ടൽ, വിപണികൾ നഷ്ടത്തിലേക്ക്

ഹോർമുസിൽ ഇറാനും യുഎസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രാജ്യാന്തര തലത്തിൽ തിരിച്ചടിയാകുന്നു. ആദ്യം വെടിവച്ചത് മറുകൂട്ടരാണെന്നും പ്രതിരോധ നടപടിയുടെ ഭാഗമായി തിരിച്ചടിച്ചെന്നുമാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. ഹോർമുസിലൂടെ പോയ മൂന്ന് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായെന്നും എന്നാൽ ഇവയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുഎസ് സൈന്യം ആക്രമിച്ചെന്നും അതിനെതിരെ തിരിച്ചടിച്ചെന്നുമാണ് ഇറാന്റെ വാദം.ഏറ്റുമുട്ടൽ ഹോർമുസിൽ കൂടുതൽ തടസങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഏഷ്യൻ വിപണികൾ നഷ്ടത്തിലായി. ഇന്ത്യൻ ഓഹരി വിപണിയിലേക്കും ഇടിവ് ബാധിക്കാൻ സാധ്യതയെന്നും ആദ്യ സൂചനകൾ. രാജ്യാന്തര തലത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം തീരുവയും നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി. നേരത്തെ ട്രംപിന്റെ പ്രതികാര തീരുവ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്. ഇതിനെതിരെ യുഎസിലെ ചെറുകിട ബിസിനസുകൾ കോടതിയെ സമീപിച്ചു. യുഎസ് കോൺഗ്രസ് പ്രസിഡന്റിന് നൽകിയ അധികാരങ്ങൾ അദ്ദേഹം ദുരുപയോഗം ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങാൻ സാധ്യത. രാജ്യാന്തര വിപണികളിലെ തകർച്ചയും വീണ്ടും യുഎസ് – ഇറാൻ സംഘർഷം ഉണ്ടായതുമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. ഇന്നലെ യുഎസ് ഓഹരി വിപണി നഷ്ടത്തിലായിരുന്നു. ഇന്ന് ഏഷ്യൻ വിപണികളും ഇടിവിലാണ്.
Source link


