വിൽപ്പന മികവിൽ കിയ മോട്ടോർസ്

ഏപ്രിൽ വിൽപ്പന 27,286 യൂണിറ്റുകൾ, 16% വളർച്ച
കൊച്ചി: കിയ ഇന്ത്യ ഇതുവരെ നേടിയ ഏപ്രിലിലെ ഏറ്റവും ഉയർന്ന വിൽപ്പനയായ 27,286 യൂണിറ്റുകൾ ഈവർഷം കൈവരിച്ചു. 2025 ഏപ്രിലിലെ 23,623നെ അപേക്ഷിച്ച് 16 ശതമാനംവളർച്ച നേടി. കഴിഞ്ഞ സാമ്പത്തിക വർഷം 1,11,611 യൂണിറ്റുകൾ വിൽപ്പന നടത്തി. മുൻവർഷത്തെ 99,199നെക്കാൾ 13 ശതമാനം വർദ്ധനയുണ്ട്.
വളർച്ചയിൽ മുന്നിൽ പുതിയ സെൽറ്റോസാണ്. ബോൾഡ് ഡിസൈൻ, ആധുനിക സവിശേഷതകൾ, അഞ്ച് സ്റ്റാർ ഭാരത് എൻക്യാപ് സുരക്ഷാ റേറ്റിംഗ് എന്നിവയിലൂടെ സെൽറ്റോസ് സ്ഥാനം നിലനിറുത്തുന്നു. സോണെറ്റ്, കാരൻസ്, ക്ലാവിസ് എന്നിവയും കിയയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നു. ഏപ്രിലിൽ സെൽറ്റോസും സോണെറ്റും 10,000 യൂണിറ്റുകൾക്ക് മുകളിൽ വിൽപ്പന നേടി.
കുടുംബവാഹന വിഭാഗത്തിൽ കാരൻസ് കൂടുതൽ ശക്തമായി. ക്ലാവിസ് പ്രീമിയം അനുഭവം നൽകുന്നു. ജി.ടിലൈൻ, എക്സ്ലൈൻ ട്രിംകൾ, പനോരാമിക് സൺറൂഫ്, ക്യാപ്ടൻ സീറ്റുകളുള്ള ആറു സീറ്റർ ക്രമീകരണം എന്നിവ ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്തതാണ്. സൈറോസ് മോഡൽ ബ്രാൻഡിന്റെ വിപുലമായ ശ്രേണിയെ ശക്തിപ്പെടുത്തുന്നു.
വിൽപ്പനാനന്തര സേവനങ്ങളിൽ കിയ ഇന്ത്യ 500 സർവീസ് വർക്ക്ഷോപ്പുകൾ പൂർത്തിയാക്കി. 396 നഗരങ്ങളിലായി 891 ടച്ച്പോയിന്റുകളും 128 സർട്ടിഫൈഡ് പ്രീഓൺഡ് ഔട്ട്ലെറ്റുകളും വഴി ഉപഭോക്താക്കൾക്ക് മികച്ച സേവനാനുഭവം ഉറപ്പാക്കുന്നു. ഇന്ത്യയിൽ ഏഴുവർഷത്തിനിടെ 15 ലക്ഷം വിൽപ്പന എന്ന നേട്ടവും കിയ കൈവരിച്ചു. സെൽറ്റോസ് 41 ശതമാനവും സോണെറ്റ് 36 ശതമാനവും കാരൻസ് 20 ശതമാനവും വീതം സംഭാവന നൽകുന്നു. ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് നവീകരണങ്ങളും മികച്ച അനുഭവങ്ങളും നൽകുന്നതിൽ കിയ ഇന്ത്യ ശ്രദ്ധ തുടരുമെന്ന് അധികൃതർ പറഞ്ഞു.
Source link


