NATIIONAL

ബോൾ നിലത്ത് തട്ടിയില്ലേ?’ ‘കട്ടക്കലിപ്പിൽ’ കോലി, വാഗ്വാദം; സൂപ്പർ താരത്തെ ശരിവച്ച് മുൻ താരങ്ങളും, വൻ വിവാദം– വിഡിയോ


അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറിന്‍റെ വിക്കറ്റിനെ ചൊല്ലി വിവാദം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജയ്സന്‍ ഹോള്‍ഡര്‍ എടുത്ത ക്യാച്ച് നിലത്ത് തട്ടിയെന്നാണ് ആരോപണം. തേഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തി. ആർസിബി ഇന്നിങ്സിന്റെ എട്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജയ്സന്‍ ഹോള്‍ഡറും കഗീസോ റബാദയും ക്യാച്ചിനായി ഓടിയെത്തി. റബാദ എടുക്കുമെന്നു തോന്നിച്ച ക്യാച്ച് ഡീപ് സ്ക്വയര്‍ ലെഗില്‍നിന്ന് ഓടിയെത്തിയ ഹോള്‍ഡര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. അതേസമയം, പാട്ടീദാറെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഹോള്‍ഡര്‍ക്ക് ക്യാച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും പന്ത് നിലം തൊട്ടത് വ്യക്തമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. അംപയര്‍മാര്‍ക്ക് ഇക്കാര്യം അറിവില്ലാത്തത് അല്ലെന്നും പൂര്‍ണമായ നിയന്ത്രണം ഹോള്‍ഡര്‍ക്ക് പന്തിന് മേല്‍ ഇല്ലായിരുന്നെന്ന് ദൃശ്യങ്ങളില്‍ കാണാമെന്നും ക്യാച്ച് പൂര്‍ത്തിയാക്കിയതായി കരുതാന്‍ കഴിയില്ലെന്നും ചോപ്ര പറഞ്ഞു. 8–ാം ഓവറിലെ നാലാം പന്തിൽ പാട്ടിദാർ പുറത്താകുമ്പോൾ 3ന് 79 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ബെംഗളൂരു. അവിടന്ന് 10.3 ഓവറിൽ 6ന് 96 എന്ന അവസ്ഥയിലേക്കുള്ള അവരുടെ വീഴ്ച പെട്ടെന്നായിരുന്നു. ജിതേഷ് ശർമ (1), ടിം ഡേവിഡ് (9), ക്രുനാൽ പാണ്ഡ്യ (4) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. റൊമാരിയോ ഷെപ്പേഡിനൊപ്പം (15 പന്തിൽ 17) വീണ്ടുമൊരിക്കൽക്കൂടി രക്ഷാപ്രവർത്തനത്തിനു മുതിർന്ന ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിനെ വലിയ വീഴ്ചയിൽനിന്ന് രക്ഷിച്ചത്. മത്സരത്തിൽ നാലു വിക്കറ്റിനാണ് ആർസിബിയെ ഗുജറാത്ത് തോൽപ്പിച്ചത്. സ്കോർ: ബെംഗളൂരു – 19.2 ഓവറിൽ 155ന് ഓൾഔട്ട്; ഗുജറാത്ത് – 15.5 ഓവറിൽ 6ന് 158. 2 വിക്കറ്റും 3 ക്യാച്ചുമെടുത്ത ജയ്സൻ ഹോൾഡറാണ് പ്ലെയർ ഓഫ് ദ് മാച്ച്.


Source link

Back to top button