NATIIONAL
എട്ട് കളിയിൽ അടിച്ചത് 88 റൺസ്, ടോപ് സ്കോർ 20, വൈഭവിനു പിറകിൽ ‘സേഫായി’ ക്യാപ്റ്റൻ പരാഗ്, പഞ്ചാബ് പരീക്ഷണം ജയിക്കുമോ?

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടാനൊരുങ്ങുമ്പോൾ ചർച്ചയായി റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഫോം. ടീം മികച്ച വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ബാറ്ററെന്ന നിലയിൽ സീസണിൽ ഇതുവരെ ഫോമിലേക്കെത്താൻ റിയാൻ പരാഗിനു സാധിച്ചിട്ടില്ല. എട്ട് ഇന്നിങ്സുകൾ കളിച്ച താരത്തിന് 112.82 സ്ട്രൈക്ക് റേറ്റിൽ 88 റൺസെടുക്കാൻ മാത്രമാണ് ഇതുവരെ സാധിച്ചത്. 20 റൺസാണ് ഉയർന്ന സ്കോർ. രാജസ്ഥാൻ ടോപ് ഓർഡറിൽ കൗമാര താരം വൈഭവ് സൂര്യവംശിയെയും യശസ്വി ജയ്സ്വാളിനെയും ആരാധകർ ആഘോഷിക്കുമ്പോഴാണ് പരാഗ് ‘രക്ഷപെട്ടുപോകുന്നത്’. രാജസ്ഥാൻ ജയിച്ചിട്ടുള്ള മത്സരങ്ങളിലെല്ലാം ഓപ്പണിങ് സഖ്യം തുടങ്ങിവയ്ക്കുന്ന മികച്ച തുടക്കമാണു ടീമിനു കരുത്താകുന്നത്.എട്ടു മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച രാജസ്ഥാൻ 10 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. തുടക്കത്തിൽ തുടർവിജയങ്ങൾ നേടിയ രാജസ്ഥാൻ ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണവും തോറ്റു. എങ്കിലും പരാഗിന്റെ ക്യാപ്റ്റൻസിക്കെതിരെ വലിയ വിമർശനങ്ങൾ ഇതുവരെ ഉയർന്നിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ സ്പിന്നർമാരായ രവീന്ദ്ര ജഡേജയെയും രവി ബിഷ്ണോയിയെയും പരാഗ് കാര്യമായി ഉപയോഗിച്ചിട്ടില്ലെന്ന പഴി ഉയര്‍ന്നിരുന്നു. രാജസ്ഥാൻ അഞ്ചു വിക്കറ്റിനു തോറ്റ ഈ മത്സരത്തിൽ രണ്ടു സ്പിന്നർമാർക്കും ലഭിച്ചത് ഓരോ ഓവർ വീതമാണ്.
Source link


