test del 4 copy of del 3

മന്ത്രി റോഷി അഗസ്റ്റിനെതിരെ റോയി കെ.പൗലോസിന് കിട്ടും വൻ ഭൂരിപക്ഷം; വിശകലനവുമായി യുഡിഎഫ്


ചെറുതോണി ∙ ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോയി കെ.പൗലോസ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജവാഹർ ഭവനിൽ ചേർന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. പത്തു വർഷക്കാലത്തെ പിണറായി ഭരണവും 5 വർഷം മന്ത്രിയായിട്ടും എടുത്തു പറയാൻ കഴിയുന്ന വികസന പ്രവർത്തനങ്ങൾ റോഷി അഗസ്റ്റിൻ നടപ്പാക്കാത്തതും മണ്ഡലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി.നേതൃ സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ എം.കെ.പുരുഷോത്തമൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, റോയി കെ.പൗലോസ്, എഐസിസി അംഗം ഇ.എം.ആഗസ്തി, നേതാക്കളായ എ.പി.ഉസ്മാൻ, ജോയി കൊച്ചുകരോട്ട്, എം.ഡി.അർജുനൻ, ടി.ജെ.വർക്കി, വർഗീസ് വെട്ടിയാങ്കൽ, ജയ്സൺ കെ.ആന്റണി, ആഗസ്തി അഴകത്ത്, പുരുഷോത്തമൻ, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, വി.എ.ഉലഹന്നാൻ, പി.ഡി.ജോസഫ്, ടോമി തേനംമാക്കൽ, തോമസ് മൈക്കിൾ, അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.പിണറായി സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധവും മണ്ഡലത്തിൽ പ്രതിഫലിച്ചു. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച എസ്.രാജേന്ദ്രൻ 15000നും 20000നുമിടയിൽ വോട്ടു പിടിക്കും. ഇതിൽ 70 ശതമാനം വോട്ടും എൽഡിഎഫിന്റേതാണ്. യുഡിഎഫിന്റെ 30 ശതമാനം വോട്ടുകളാണ് രാജേന്ദ്രന് ലഭിക്കുക. രാജേന്ദ്രന്റെ സാന്നിധ്യം എൽഡിഎഫിനെയാണ് സാരമായി ബാധിക്കുന്നതെന്നും ഇത് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിന് അനുകൂലമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിൽ ഇത്തവണ യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിഷാ സോമൻ, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, രാഷ്ട്രീയ കാര്യ സമിതിയംഗം എ.കെ.മണി എന്നിവർ പങ്കെടുത്തു.


Source link

Back to top button