ചക്ക പഴുത്തോ എന്ന് എങ്ങനെയറിയാം? ഈ അഞ്ച് വഴികളിലൂടെ പെട്ടെന്ന് മനസിലാക്കാം

കണിക്കൊന്ന പൂവും ഫലങ്ങളും നാളികേരവും കണ്ണന് മുന്നിൽ നിരത്തി നമ്മൾ വിഷുക്കണി ഒരുക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനമാണ് ചക്കപഴം. അധികം വലിപ്പമില്ലാത്ത ചക്കയാണ് നമ്മൾ കണിയൊരുക്കാൻ ഉപയോഗിക്കുന്നത്. മലയാളികളുടെ ഇഷ്ടപ്പെട്ട പഴമാണ് ചക്ക. വരിക്ക ചക്ക, കൂഴച്ചക്ക, ആഞ്ഞിലി ചക്ക അങ്ങനെ ഓരോ ചക്കകളുടെയും പേര് കേൾക്കുമ്പോൾ തന്നെ കൊതിതോന്നും. ചക്ക പഴം, ചക്ക പുഴുക്ക്, ചക്ക ഉപ്പേരി, ചക്ക വരട്ടിയത്, ചക്ക എരിശേരി, ചക്ക തോരൻ, ചക്ക പായസം അങ്ങനെ മലയാളികളുടെ ആഘോഷകാലത്ത് അടുക്കളയിൽ പല വിഭവങ്ങളായി ചക്ക എത്തും. ഒരു ചക്ക പാകമായോ അത് വിളവെടുപ്പിന് പാകമായോ എന്നറിയാൻ നമ്മുടെ നാട്ടിൻപുറങ്ങളിൽ ചില എളുപ്പവഴികളുണ്ട്.
ചക്ക പഴുത്തു എന്നറിയാനുള്ള ആദ്യവഴി അതിന്റെ മണം തന്നെയാണ്. ചക്ക പഴമായാൽ നല്ല മണം ദൂരെനിന്നുതന്നെ ലഭിക്കും. രണ്ടാമതുള്ള വഴി അതിന്റെ മുള്ളുകൾ നോക്കുകയാണ്. മുള്ളുകളെല്ലാം ചേർന്നാണ് തോടിൽ ഉള്ളതെങ്കിൽ അത് പഴുത്തിട്ടില്ല എന്നുതന്നെ അർത്ഥം.മുള്ളുകൾ തമ്മിൽ ഏറെ അകലമുണ്ടെങ്കിൽ അത് പഴുത്തുതുടങ്ങിയ ചക്കയാണ്. ചക്കപ്പഴത്തിൽ ചിലർ അമർത്തി നോക്കിയും പഴുത്തോ എന്നുറപ്പിക്കാറുണ്ട്. പച്ച നിറത്തിൽ നിന്നും മഞ്ഞയും ബ്രൗണും നിറത്തിലേക്ക് നിറം മാറുന്നെങ്കിൽ ഉറപ്പിക്കാം ചക്ക പഴുത്തിട്ടുണ്ട്. ഇനി പ്ലാവിലെ ഒരുകൂട്ടം ചക്കകളിൽ നിന്നും പഴുത്തത് അറിയാൻ അതിനുപുറത്ത് കൊട്ടിനോക്കിയാൽ മതിയാകും. കൊട്ടിയാലുള്ള ശബ്ദത്തിന് ഏറെ മുഴക്കമുണ്ടെങ്കിൽ തീർച്ചയായും ചക്കപഴം റെഡിയാണെന്ന് മനസിലാക്കാം.
Source link


