test del 5 copy of del 3

പഴകിയ ഭക്ഷണം, കൂലിയില്ലാതെ ജോലി, മർദനം: കർണാടകയിലെ അടിമജീവിതത്തിൽനിന്നു രക്ഷപ്പെട്ട് ഉദയൻ


കാസർകോട് ∙ രാവിലെ ആറുമുതൽ രാത്രി എട്ടു വരെ ജോലി, രണ്ടു നേരം കുറച്ചു ഭക്ഷണം, അതും പഴകിയത്, കുടിക്കാനോ കുളിക്കാനോ വെള്ളമില്ല, പണി കഴിഞ്ഞാൽ മുറിയിൽ പൂട്ടിയിടും. രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമർദനം. കർണാട‌കയിലെ ഇഞ്ചിത്തോട്ടത്തിലെ അടിമപ്പണിയിൽനിന്ന് പൊലീസ് രക്ഷിച്ചു പുറത്തെത്തിച്ചപ്പോൾ ഉദയനും ഒപ്പമുണ്ടായിരുന്ന 17 പേർക്കും പുനർജന്മം കിട്ടിയതുപോലെയാണു തോന്നിയത്. കാസർകോട് പുത്തിഗ സ്വദേശി ഉദയനെയും കൊല്ലം സ്വദേശി അനിലിനെയും 16 കർണാടക സ്വദേശികളെയും കർണാടക ബേലൂർ താലൂക്കിലെ ഹലേബീഡു ഹോബ്ലിയിലെ ചട്നഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തില്‍ നിന്നാണ് കർണാടക പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് രക്ഷിച്ചത്. നാലും അഞ്ചും വര്‍ഷമായി ഒരു രൂപ പോലും കിട്ടാതെ അടിമവേല ചെയ്യേണ്ടിവന്നവരും ഇതിലുണ്ട്. ആ നരകജീവിതത്തെപ്പറ്റി ഉദയൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.700 രൂപ ദിവസക്കൂലി പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും കൂലിയായി ഒരു രൂപ പോലും കിട്ടിയിട്ടില്ല. അഞ്ചു വർഷമായി ഒരു രൂപ പോലും കൂലി ലഭിക്കാതെ പണിയെടുത്തവർ കൂട്ടത്തിൽ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ ഒരുമിച്ച് പണം തരാം എന്നായിരുന്നു ഉദയനോട് കൃഷിയുടമ പറഞ്ഞത്. പണിയെടുത്തില്ലെങ്കിലും രക്ഷപ്പെടാൻ ശ്രമം നടത്തിയാലും അതിക്രൂരമർദനമാണ് ലഭിച്ചത്. കര്‍ണാടക സ്വദേശികൾക്ക് സ്ഥിരമായി മർദനമേറ്റിരുന്നു എന്നും ഉദയൻ പറയുന്നു. ഉദയനൊപ്പം ഉണ്ടായിരുന്ന കർണാടക സ്വദേശി ഈരണ്ണ ഒരു ദിവസം എങ്ങനെയോ അവിടെനിന്നു രക്ഷപ്പെട്ടു. അതാണ് മറ്റുള്ളവർക്കും രക്ഷയായത്. ഈരണ്ണ അയാളുടെ നാട്ടിലെത്തിയ ശേഷം അയാളു‌ടെ അമ്മയാണ് തോട്ടത്തിലെ അടിമപ്പണിയെപ്പറ്റി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കർണാടക പൊലീസും റവന്യൂ വകുപ്പും അന്വേഷണം നടത്തി. പൊലീസ് തോട്ടത്തിലെത്തുമ്പോൾ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു തൊഴിലാളികൾ.


Source link

Back to top button