ക്ഷേത്രത്തിൽ ക്രിസ്തീയഗാനം പാടിയതിൽ വിമർശനം; വിവാദങ്ങളുണ്ടാക്കി നാടിന്റെ മതസൗഹാർദം തകർക്കരുതെന്ന് ക്ഷേത്ര കമ്മിറ്റി

കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. നാട്ടിലെ എല്ലാ മതവിഭാഗങ്ങളുടെ സഹകരണത്തിലാണ് ക്ഷേത്രത്തിൽ പ്രോഗ്രാം നടത്തിയതെന്നും എല്ലാ മതവിഭാഗങ്ങൾക്കും പരിപാടി നേരിട്ട് കാണുന്നതിനുള്ള പാസ് വീട്ടിലെത്തിയാണ് നൽകിയതെന്നും കമ്മിറ്റി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമ്മിറ്റി കൺവീനർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്റെ മതസൗഹാർദം തകർക്കരുതെന്നും കൺവീനർ വ്യക്തമാക്കി. ‘ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത് . നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം. അവർ വളർന്നത് ഇവിടെ നിന്നാണ് , നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കൺട്രോൾ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയിക്കുന്നതെല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ’- ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി വ്യക്തമാക്കി.
Source link


