test del 2
ഇറാനെ പൂട്ടാൻ ഹോർമുസ് കടലിടുക്കിൽ വൻ യുദ്ധക്കപ്പൽ വിന്യാസവുമായി ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ തീരപ്രദേശങ്ങളിൽ തന്ത്രപരമായ മേധാവിത്വം ഉറപ്പാക്കുന്നതിനായി മാരക ആയുധങ്ങളുമായി 15-ലധികം യുദ്ധക്കപ്പലുകളെയാണ് അമേരിക്ക അറബിക്കടലിൽ വിന്യസിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപിന്റെ ഈ കടുത്ത സൈനിക നീക്കം.ജെഡി വാൻസ്, സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങിയ അമേരിക്കൻ പ്രതിനിധി സംഘം സമാധാന ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാതെ മടങ്ങിയതോടെയാണ് മേഖലയിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചത്. യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സൈനിക നീക്കത്തിൽ യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക കപ്പലാണ് പ്രധാന പങ്ക് വഹിക്കുന്നത്,. എഫ്-35ബി ലൈറ്റ്നിങ് II സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും എംവി-22 ഓസ്പ്രേ വിമാനങ്ങളും വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. പരമ്പരാഗതമായ വെൽ ഡെക്ക് ഇല്ലാത്ത രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ കൂടുതൽ യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കാനും അവയുടെ അറ്റകുറ്റപ്പണികൾ നടത്താനും ഈ കപ്പലിന് സൗകര്യമുണ്ട്. യുദ്ധം സജീവമാകുന്ന സാഹചര്യത്തിൽ 20-ലധികം എഫ്-35ബി വിമാനങ്ങളെ വരെ ഒരേസമയം വിന്യസിക്കാനുള്ള കരുത്ത് യുഎസ്എസ് ട്രിപ്പോളിക്ക് ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര സമയം 14:00 മുതൽ ഉപരോധം പ്രാബല്യത്തിൽ വന്നതായി യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറബിക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ഇറാന്റെ തീരപ്രദേശങ്ങളിലേക്കും തുറമുഖങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകൾക്കും ഈ ഉപരോധം ബാധകമായിരിക്കും. യാതൊരു വിവേചനവുമില്ലാതെ എല്ലാ കപ്പലുകളെയും കർശനമായി പരിശോധിക്കാനും തടയാനുമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.ഇറാനെ സാമ്പത്തികമായും സൈനികമായും വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപരോധം നടപ്പിലാക്കുന്നത്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ശത്രുരാജ്യത്തിന്റെ തീരദേശങ്ങളിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടുത്താൻ അമേരിക്ക ലക്ഷ്യമിടുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയെയും മറ്റ് വ്യാപാര ബന്ധങ്ങളെയും ഈ നീക്കം ദോഷകരമായി ബാധിക്കും. യുഎസ് നാവികസേനയുടെ ഈ വൻ സന്നാഹം മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് മാറ്റുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Source link


