NEWS

സ്കൂട്ടറിൽ ട്രക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം; ടയർ ശരീരത്തിലൂടെ കയറിയിറങ്ങി

മുംബൈയിലെ പൽഗാർ ജില്ലയിൽ സ്‌കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പകൽ 11.40-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഖാരിവാലി സ്വദേശിയായ അങ്കിത ജാദവ് (32) ആണ് മരണത്തിന് കീഴടങ്ങിയത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. സ്‌കൂട്ടറിൽ നിന്നു വീണ അങ്കിതയുടെ ശരീരത്തിലൂടെ ട്രക്കിന്റെ ചക്രങ്ങൾ കയറി ഇറങ്ങുന്ന ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാതയിൽ നടക്കുന്ന കോൺക്രീറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഗതാഗതം ഒരു വരിയിലേക്ക് മാത്രമായി ചുരുക്കിയത് പ്രദേശത്ത് സ്ഥിരമായി വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് നിർമ്മാണ മേഖലയിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ബാരിക്കേഡുകളോ സ്ഥാപിക്കാത്തതും, ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത്തരം അപകടങ്ങൾ തുടരുമ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണെന്നും, ഇനിയും എത്ര പേരുടെ ജീവൻ പൊലിഞ്ഞാലാണ് ഇവർ ഉണരുകയെന്നുമാണ് നാട്ടുകാരുടെ രോഷാകുലമായ ചോദ്യം.

Fashion ⏭️

Back to top button