സ്വത്ത് തർക്കം: അവധിക്ക് നാട്ടിലെത്തിയ സൈനികന് അമ്മയുടെയും ബന്ധുക്കളുടെയും മർദനം

ഗുർദാസ്പൂർ: പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്തുവകകളെ ചൊല്ലിയുള്ള തർക്കത്തിനിടെ സൈനികന് ക്രൂരമർദനം. കുടുംബാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. അവധിക്കാലം ചിലവഴിക്കാൻ നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.
തന്റെ അധീനതയിലുള്ള കൃഷിഭൂമി സഹോദരങ്ങൾ നിയമവിരുദ്ധമായി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വസീറും കുടുംബവും തമ്മിൽ നാളുകളായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഈ തർക്കം ഒത്തുതീർപ്പാക്കാം എന്ന് വിശ്വസിപ്പിച്ചാണ് ബന്ധുക്കൾ വസീറിനെ ഇയാളുടെ കടയ്ക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെ എത്തിയ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെയും പ്രതികൾ വെറുതെ വിട്ടില്ലെന്നും ക്രൂരമായി മർദിച്ചെന്നും വസീറിന്റെ ഭാര്യ സൈനി മാധ്യമങ്ങളോട് പറഞ്ഞു. മർദനത്തിന്റെ ദൃശ്യങ്ങൾ സൈനി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.




