NEWS

ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതി; തകർത്ത് സൗദി, ഒരു യുദ്ധം മുറുക്കാൻ ട്രംപ്, മറ്റൊന്ന് നിർത്താൻ മെലനിയ, 117ൽ എണ്ണ, വീണ് സ്വർണം


ഇറാനും യുഎസും തമ്മിലെ യുദ്ധം ഉടനൊന്നും അവസാനിക്കില്ലെന്നു വ്യക്തമാക്കി പരസ്പരം പോർവിളിയും യുദ്ധകാഹളവും കനക്കുന്നു. ഇതോടെ എണ്ണവില കത്തിക്കയറുകയാണ്. സ്വർണവില നിലംപൊത്തി. ഇന്ത്യയിലും ലോകമെമ്പാടും ഓഹരി വിപണികൾ ചോരച്ചുവപ്പിലായി. ഇറാനെ ഈയാഴ്ച തന്നെ ആക്രമിക്കുമെന്ന സൂചന യുഎസും ഇസ്രയേലും നൽകി. ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾ, ഡേറ്റ സെന്ററുകൾ, എഐ സംവിധാനങ്ങൾ, കടലിനടയിലെ അതീവപ്രാധാന്യമുള്ള കേബിളുകൾ എന്നിവ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കി. സൗദിയുടെ സ്വൈര്യം കെടുത്തി ഹൂതി, കലിപ്പിൽ ട്രംപും ഇറാനെ ആക്രമിക്കുമെന്നും അവരുടെ എണ്ണ മുഴുവൻ പിടിച്ചെടുക്കുമെന്നുമാണ് ട്രംപ് പറയുന്നത്. നവംബർ 3ന് യുഎസിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേലും യുഎസും എന്ന് റിപ്പോർട്ടുകളുണ്ട്. ഇറാൻ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച്, എണ്ണവില തന്ത്രപൂർവം പെരുപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇതിനിടെ, സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിനു നേരെ ഹൂതികൾ ആക്രമണം നടത്തി. റിയാദിനു നേരെയും ആക്രമണമുണ്ടായി. എന്നാൽ, ബാലിസ്റ്റിക് മിസൈലുകളെല്ലാം തടത്തുവെന്ന് സൗദി സഖ്യസേന വ്യക്തമാക്കി. തീയായി എണ്ണവില; ഇന്ധന വില കൂട്ടാൻ മോദി സർക്കാർ? ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം കനക്കുമെന്ന ഭീതിയും സൗദി അറേബ്യയെ ശല്യം ചെയ്യുന്ന ഹൂതികളുടെ നടപടികളും എണ്ണവില കൂടുതൽ ഉയരത്തിലേക്ക് കുതിക്കാനിടയാക്കി. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണ ടാങ്കർ ചോർന്നതിനെ തുടർന്ന് ബീച്ചുകളെല്ലാം താൽക്കാലികമായി അടച്ചതും ആശങ്കയായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.14% ഉയർന്ന് 116.7 ഡോളറിലെത്തി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 3.82% മുന്നേറി 103.3 ഡോളറും. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ബ്രെന്റിന്റെ ഡിസംബർ ഡെലിവറി വില ബാരലിന് 117.45 ഡോളറാണ്. എണ്ണവില ഉടൻ 120 ഡോളർ‌ കടക്കുമെന്നാണ് പൊതുവിലയിരുത്തൽ. എണ്ണവില കൂടുന്നത് ഇന്ത്യയിലും യുഎസിലും ഉൾപ്പെടെ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടാനിടയാക്കും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ യോഗം അടുത്തയാഴ്ചയാണ്. ഇന്ത്യയുടെ റിസർവ് ബാങ്ക് ഡിസംബറിൽ റീപ്പോനിരക്ക് 0.25% മുതൽ 0.50% വരെ കൂട്ടിയേക്കും. ബാങ്ക് വായ്പകളുള്ളവർക്കും പുതുതായി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും ഇതു തിരിച്ചടിയാണ്. കേന്ദ്ര സർക്കാർ അടുത്തമാസം പെട്രോൾ, ഡീസൽ വില ഉയർത്താൻ പച്ചക്കൊടി വീശുമെന്ന സൂചനകളും വരുന്നുണ്ട്. വെടിനിർത്തലിനായി ഇടപെട്ട് മെലനിയ യുക്രെയ്ൻ-റഷ്യ യുദ്ധം നിർത്താൻ യുഎസ് പ്രഥമവനിതയും ട്രംപിന്റെ ഭാര്യയുമായ മെലനിയ ട്രംപ് ഇടപെട്ടുവെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇതുപ്രകാരം വെടിനിർത്തൽ ഒക്ടോബർ 29ന് പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. റഷ്യയും യുക്രെയ്നും പ്രതികരിച്ചിട്ടില്ല. യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും സഹായങ്ങൾ ലഭ്യമാക്കാനുമാണ് മെലനിയ വെടിനിർത്തലിനായി ശ്രമിച്ചത്. റഷ്യൻ പ്രസിഡന്റ് പുട്ടിന് മെലനിയ കത്തെഴുതിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപിന്റെ ‘രക്ഷയ്ക്ക്’ റഷ്യൻ‌ ഡീസൽ റഷ്യയിൽ നിന്നുള്ള ഡീസൽക്കപ്പൽ ഉടൻ യുഎസിലെത്തുമെന്നും അറിയുന്നു. 40,000 മെട്രിക് ടൺ ഡീസലുമായി അയീയി ഫെനൻഡസ് (Agioi Fanendes) എന്ന കപ്പലാണ് യുഎസിൽ എത്തുന്നത്. യുഎസിൽ ഡീസൽ വില ഗാലന് ചരിത്രത്തിലെ ഏറ്റവും ഉയരമായ 6.31 ഡോളറിൽ എത്തിനിൽക്കുമ്പോഴാണ് കപ്പലിന്റെ വരവ്. 2025 ഒക്ടോബർ 22ന് വില 3.63 ഡോളർ ആയിരുന്നു. തിരഞ്ഞെടുപ്പ് ദിനമായ നവംബർ 3ന് മുൻപ് വില നേരിയതോതിലെങ്കിലും താഴ്ത്തുക ലക്ഷ്യമിട്ടാണ് ട്രംപ് നിലപാടും തീരുവകളുമെല്ലാം മറന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. ഓഹരി വിപണികൾ ഉലഞ്ഞു എണ്ണവിലയ്ക്ക് ‘തീ’ പിടിച്ചതും പണപ്പെരുപ്പം, പലിശഭാരം എന്നിവ സംബന്ധിച്ച പേടിയും എഐ/ടെക് ഓഹരികൾ നേരിടുന്ന തളർച്ചയും ഓഹരി വിപണികളെ വീഴ്ത്തി. യുഎസിൽ ഡൗ ജോൺസ് 652 പോയിന്റ് (-1.23%) ഇടിഞ്ഞു. എസ് ആൻഡ് പി500 സൂചിക 0.52%, നാസ്ഡാക് 0.21% എന്നിങ്ങനെയും താഴ്ന്നു. ഇന്ത്യയിൽ, സെൻസെക്സ് 125 പോയിന്റും (-0.17%) നിഫ്റ്റി 87 പോയിന്റും (-0.39%) നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 22,600ലേക്കും സെൻസെക്സ് 73,123ലേക്കും താഴ്ന്നു. നിലംപൊത്തി സ്വർണം എണ്ണവില വർധന, പലിശ കൂടുമെന്ന വിലയിരുത്തൽ എന്നിവ സ്വർണത്തിന് കനത്ത ആഘാതമാവുകയാണ്. പണപ്പെരുപ്പം, പലിശ എന്നിവ കൂടുമെന്ന സൂചനകൾ ഡോളറിനും ബോണ്ട് യീൽഡിനും കരുത്തായി. യുഎസിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.044% ഉയർന്ന് 5.001 ശതമാനത്തിലെത്തി. യുഎസ് ഡോളർ സൂചിക 0.14% ഉയർന്ന് 101.75 ആയി. ഇതോടെ രാജ്യാന്തര സ്വർണവില ഒരുവേള ഔൺസിന് 3978 ഡോളറിലേക്ക് കൂപ്പുകുത്തി. ഇപ്പോഴുള്ളത് 3995 ഡോളറിൽ. കേരളത്തിൽ ഇന്നും വില കുറയാനാണ് സാധ്യത.


Fashion ⏭️

Back to top button