യുഎഇയിൽ കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു: ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ദുബായ്∙ വാഹനയാത്രകളിൽ കൊച്ചു കുട്ടികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്നുമുതൽ കൂടുതൽ ശക്തമാക്കുകയാണ്. കുട്ടികളുടെ ഉയരം, പ്രായം, കാർ സീറ്റുകൾ ക്രമീകരിക്കേണ്ട കൃത്യമായ രീതികൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾ അടിയന്തരമായി ബോധവാന്മാരാകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാഹനപകടങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായ ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുന്നത് വഴി കുട്ടികളുടെ ജീവഹാനി 71 ശതമാനം വരെയും, ഗുരുതരമായ പരുക്കുകൾ ഏൽക്കാനുള്ള സാധ്യത 82 ശതമാനം വരെയും കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നിരുന്നാലും, നാല് വയസ്സിൽ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കളിൽ 28 ശതമാനം പേരും ഇപ്പോഴും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല എന്നത് ഗൗരവകരമായ ഒരു വസ്തുതയാണെന്ന് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പിൻസീറ്റുകൾ ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇത്തരം വാഹനങ്ങളിൽ കുട്ടികൾക്കായുള്ള സീറ്റ് മുൻവശത്തേക്ക് അഭിമുഖമാക്കാതെ, പുറകോട്ട് തിരിച്ചു (റിവേഴ്സ് ഫേസിങ്) വേണം ഘടിപ്പിക്കാൻ. ഇതിനോടൊപ്പം, മുൻഭാഗത്തെ പാസഞ്ചർ എയർബാഗ് പ്രവർത്തനരഹിതമാക്കുകയോ (ഡീആക്ടിവേറ്റ്) ചെയ്യേണ്ടത് നിർബന്ധമാണ്.




