ഇലവനിൽനിന്ന് രണ്ട് സൂപ്പർ താരങ്ങളെ ഒഴിവാക്കി; രൂക്ഷ വിമർശനവുമായി മുൻ താരം

ഓക്ലൻഡ് ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ടോസ് വീണപ്പോൾ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ പ്രഖ്യാപിച്ച ടീം ലിസ്റ്റ് ആരാധകരെ ഒരേസമയം അത്ഭുതപ്പെടുത്തുകയും നിരാശയിലാഴ്ത്തുകയും ചെയ്തു. ബൗളിങ് നിരയിലെ കരുത്തരായ മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയതാണ് വലിയ ചർച്ചയായത്. ടീമിലെ ഏറ്റവും വിശ്വസ്തനായ പേസർ സിറാജിനെ മാറ്റിനിർത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു. ടി20 പരമ്പരയിലുടനീളം പുറത്തിരിക്കേണ്ടി വന്ന സ്പിന്നർ കുൽദീപ് യാദവിന് ഏകദിനത്തിലെ ആദ്യ മത്സരത്തിലും അവസരം നിഷേധിക്കപ്പെട്ടത് ആരാധകരെ ചൊടിപ്പിച്ചു.
ന്യൂസീലൻഡ് എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനായി മുഹമ്മദ് സിറാജ് കളത്തിലിറങ്ങിയിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, ഏകദിന കരിയറിൽ കഴിഞ്ഞ മൂന്ന് വർഷമായി സിറാജിന്റെ പ്രാധാന്യം കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 2019-ൽ ഏകദിനത്തിൽ അരങ്ങേറിയ താരം ഇതുവരെ 51 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞു. 2023-ൽ മാത്രം 23 മത്സരങ്ങളിൽ നിന്നായി 20.68 ശരാശരിയിൽ 44 വിക്കറ്റുകൾ പിഴുത് മികച്ച ഫോമിലായിരുന്ന സിറാജിനെ ഇത്തരത്തിൽ തഴഞ്ഞത് ഏവർക്കും അത്ഭുതമായി.
ഈ തീരുമാനത്തിനെതിരെ മുൻതാരം ദിനേഷ് കാർത്തിക് വിമർശനവുമായി രംഗത്തെത്തി. ‘‘എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് അശേഷം മനസ്സിലാകുന്നില്ല. ഗുർനൂർ നേരത്തെയും 96-97 റൺസോളം വഴങ്ങിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലുള്ള ആക്വിബ് നബിയെപ്പോലെയുള്ള താരങ്ങൾ നിൽക്കെ, എന്തടിസ്ഥാനത്തിലാണ് സിറാജിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നത്? താരം ചെയ്ത തെറ്റെന്താണ്?’’ ക്രിക്ക്ബസുമായുള്ള അഭിമുഖത്തിൽ കാർത്തിക് ചോദിച്ചു.




