SPORTS
മിന്നിച്ചേക്കണേ! ഞാണിന്മേൽ കളിയായി ഇന്ത്യയുടെ ബാറ്റിങ്; പാക്കിസ്ഥാനെതിരെ ഇറങ്ങുന്നു

ദുബായ് ∙ ഞാണിന്മേൽ കളി പോലെയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് വനിത ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഇന്ത്യയുടെ ബാറ്റിങ് പ്രകടനം. എപ്പോൾ വേണമെങ്കിലും തകർന്നു താഴെപ്പോകാവുന്ന അവസ്ഥ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചെങ്കിലും ഇന്നു പാക്കിസ്ഥാനുമായി നടക്കുന്ന പോരാട്ടം ടീമിനു നിർണായകമാണ്. അടിമുടി ആശങ്ക ഇന്ത്യ – പാക്ക് പോരാട്ടത്തിന്റെ എല്ലാ വീര്യവും ഉൾക്കൊണ്ടായിരിക്കും ഇരു ടീമുകളും ഇന്നിറങ്ങുക. ഏഷ്യാകപ്പ് ട്വന്റി20യിൽ ഇരു ടീമുകളും 7 തവണ നേർക്കുനേർ വന്നപ്പോൾ 6 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. തായ്ലൻഡിനെതിരെ നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഷെഫാലി വർമയും (36 പന്തിൽ 64), ഹോങ്കോങ്ങുമായി നടന്ന മത്സരത്തിൽ സ്മൃതി മന്ഥനയും (64 പന്തിൽ 124) നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. പിച്ചിന്റെ പേസ് അനുസരിച്ച് ഓപ്പണർമാർ പതിയെ താളം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മധ്യനിരയിലും വാലറ്റത്തും പവർ ഹിറ്റർമാർ ഫോം കണ്ടെത്താത്തത് ഇന്ത്യയ്ക്കു വെല്ലുവിളിയാണ്. ബാറ്റിങ് തന്നെയാണ് പാക്കിസ്ഥാന്റെയും ആശങ്ക. തായ്ലൻഡിനെതിരായ മത്സരത്തിൽ പവർപ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായിരുന്നു. ഓപ്പണർ മുനീബ അലി, ക്യാപ്റ്റൻ ഫാത്തിമ സന എന്നിവരെ അമിതമായി ആശ്രയിക്കുന്നതും പാക്കിസ്ഥാന് തിരച്ചടിയായേക്കാം.
Auto ⏭️


