NEWS

ഷാജികുമാർ: വൈകാരിക ഭാവങ്ങളുടെ ചലച്ചിത്രകാരന്റെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറിന് അന്തിമോപചാരം അർപ്പിക്കാൻ കൊച്ചി ഗോകുലം പാർക്കിലെ പൊതുദർശന വേദിയിൽ നടൻ മോഹൻലാൽ എത്തിച്ചേർന്നു.

പ്രശസ്ത ക്യാമറാമാൻ ഷാജികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ രംഗത്തെത്തി. മനുഷ്യന്റെ സൂക്ഷ്മമായ വികാരങ്ങളെ ദൃശ്യങ്ങളിലൂടെ മനോഹരമായി പകർത്തിയെടുക്കുന്നതിൽ അസാമാന്യമായ പാടവം പുലർത്തിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിച്ചു. ഷാജിയുടെ വേർപാട് വലിയൊരു ശൂന്യതയാണ് സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രിയ സുഹൃത്ത് ഷാജികുമാർ വിടപറഞ്ഞു. ഏറെ വേദനിപ്പിക്കുന്ന ഒരു മരണമാണിത്. സിനിമയുടെ ദൃശ്യഭാഷയിൽ തനതായ ശൈലി കൊണ്ട് ശ്രദ്ധേയനായ ഒരാളായിരുന്നു അദ്ദേഹം. നരൻ, പുലിമുരുകൻ, ഒടിയൻ, തുടരും തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഞങ്ങൾ ഒന്നിച്ച ‘അതിമനോഹരം’ എന്ന സിനിമയിലും ഷാജി തന്നെയായിരുന്നു ക്യാമറയ്ക്ക് പിന്നിൽ’, മോഹൻലാൽ അനുസ്മരിച്ചു.

ഷാജികുമാറിന്റെ വിയോഗത്തിൽ സംവിധായകൻ വിനയനും ആദരാഞ്ജലികൾ അർപ്പിച്ചു. മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളായ ഷാജിയുടെ നിര്യാണം വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ആലപ്പുഴയിൽ വെച്ച് ഒരു സിനിമാ ചിത്രീകരണത്തിനിടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.

പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങി അൻപതിലധികം ശ്രദ്ധേയമായ ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ, അതിമനോഹരം എന്നിവയാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ സൃഷ്ടികൾ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം അടുത്ത മാസം തീയേറ്ററുകളിൽ എത്താനിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം.

Sports ⏭️

Read News ⏭️

Back to top button