NEWS

ഭദ്രകീർത്തിയുടെ തട്ടുകടയിൽ സുരേഷ് ഗോപി; ദോശയും ചമ്മന്തിയും ആസ്വദിച്ച് പിന്തുണ പ്രഖ്യാപിച്ചു

ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന കൊച്ചു തട്ടുകടയിലേക്ക് സുരേഷ് ഗോപി നേരിട്ടെത്തി. അവിടുത്തെ വിശേഷങ്ങൾ തിരക്കിയും ആ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചും ഏറെ സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വിയോഗത്തിന് ശേഷവും ആ കുടുംബം നടത്തുന്ന അതിജീവന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ചുമരിലെ ചിത്രത്തിലൂടെ ഇന്നും കുടുംബത്തിന് തണലായി നിൽക്കുന്ന ജയബാലകൃഷ്ണന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണമിച്ച സുരേഷ് ഗോപി, ബിന്ദുവിന്റെയും മക്കളുടെയും മനോധൈര്യത്തെ അഭിനന്ദിക്കാൻ മറന്നില്ല. കുടുംബത്തിന്റെ മുന്നോട്ടുള്ള ഈ യാത്ര ഏവർക്കും വലിയൊരു മാതൃകയാണെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘‘പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും എപ്പോഴും കൂടെയുണ്ടാകും. ചേരാനല്ലൂർ വഴി യാത്ര ചെയ്യുന്നവർ തീർച്ചയായും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവരുടെ ഈ പരിശ്രമത്തിന് കരുത്തായി നമുക്കും ഒപ്പം നിൽക്കാം.’’–സുരേഷ് ഗോപി കുറിച്ചു.

Fashion ⏭️

Back to top button