SPORTS
‘എന്നെ കൊല്ലാനാണോ വന്നത്?’: പാചകക്കാരനെ മർദിച്ചതിന് പഞ്ചാബ് കിങ്സ് താരത്തിനെതിരെ കേസ്; പ്രതികരിച്ച് താരം

ഭോപാൽ∙ വീട്ടിലെ പാചകക്കാരനെ മർദിച്ചെന്നും അന്യായമായി തടങ്കലിൽ വച്ചെന്നുമുള്ള പരാതിയിൽ പഞ്ചാബ് കിങ്സ് താരം ശശാങ്ക് സിങ്ങിനും പിതാവിനുമെതിരെ കേസ്. ഭോപ്പാലിലെ രതിബാദ് പൊലീസാണ് ശശാങ്കിനും താരത്തിന്റെ പിതാവായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ശൈലേഷ് സിങ്ങിനുമെതിരെ കേസെടുത്തത്. തന്നെ മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്തെന്നും ആരോപിച്ച് ഇവരുടെ വീട്ടിലെ പാചകക്കാരൻ വിപേന്ദ്ര സിങ് തോമർ (31) നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഇവരുടെ വീട്ടിലെ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. താൻ തയാറാക്കിയ ഭക്ഷണം കുടുംബത്തിന് ഇഷ്ടപ്പെടാത്തതിനാലാണ് തന്നെ അധിക്ഷേപിച്ചതെന്നും പരാതിക്കാരൻ ആരോപിച്ചു. ജോലി ഉപേക്ഷിക്കുകയാണെന്നു പറഞ്ഞപ്പോൾ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും നിർബന്ധിച്ച് ജോലി ചെയ്യിക്കുകയും ചെയ്തു. ഇതോടെ താൻ ഭയന്നുപോയെന്നും മുറിക്കുള്ളിൽ കയറി കതകടച്ചതായും തോമർ പറഞ്ഞു. പിന്നാലെ അച്ഛനും മകനും ഡ്രൈവറും ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മർദിക്കുകയായിരുന്നു. അവിടെനിന്ന് പോകാൻ ശ്രമിച്ചാൽ മോഷണം, സ്ത്രീപീഡനം ഉൾപ്പെടെയുള്ള കേസുകളിൽ കുടുക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും തോമർ ആരോപിച്ചു.‘നീ ജോലി ചെയ്യില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നത്? എന്നെ കൊല്ലാനാണോ വന്നത്?’ എന്നും ചോദിച്ചു. വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷവും തന്റെ മൊബൈൽ ഫോണും ബാഗും തിരികെ നൽകിയില്ലെന്നും ഇയാൾ ആരോപിച്ചു. ∙ ‘എനിക്ക് തെറ്റ് പറ്റി’ ‘‘ജൂൺ 25ന് വൈകിട്ടാണ് അയാൾ ഞങ്ങളുടെ വീട്ടിലെത്തിയത്. ആരോ അദ്ദേഹത്തെ അയച്ചതാണ്, ഞങ്ങൾ വിളിച്ചതല്ല. എന്താണ് പാചകം ചെയ്യാൻ അറിയുക എന്ന് ഞാൻ ചോദിച്ചപ്പോൾ, ദക്ഷിണേന്ത്യൻ വിഭവങ്ങളും ചൈനീസും ഉൾപ്പെടെ എല്ലാം തയാറാക്കാൻ അറിയാമെന്നാണ് പറഞ്ഞത്. എന്റെ അമ്മ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും, ജൂൺ 26ന് എന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ഒരു ഹോട്ടലിൽ വച്ച് ആഘോഷിച്ചതിനാലും പാചകക്കാരന് തുടക്കത്തിൽ വലിയ ജോലികളൊന്നും ഉണ്ടായിരുന്നില്ല. എത്തിയ ഉടൻ തന്നെ തോമർ 20,000 രൂപ അഡ്വാൻസ് ആവശ്യപ്പെട്ടു. ‘ആദ്യം ഒരു ദിവസം ജോലി ചെയ്യൂ, നന്നായി പാചകം ചെയ്യാൻ അറിയാമോ എന്ന് നോക്കട്ടെ’ എന്ന് അമ്മ അവനോട് പറഞ്ഞു. എന്നാൽ അയാൾ അഡ്വാൻസിനായി നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ജൂൺ 27ന് അയാൾ ഭക്ഷണം ഉണ്ടാക്കിയപ്പോൾ കുടുംബത്തിന് അത് തൃപ്തികരമായി തോന്നിയില്ല. അതുകൊണ്ട് തിരിച്ചുപൊയ്ക്കൊള്ളാൻ പറഞ്ഞു.’’– ശശാങ്ക് പറഞ്ഞു.
Source link


