SPORTS

പകരക്കാരനായി വന്ന് ഇന്ത്യയുടെ അനുഗ്രഹമായി, ഇനി മാറ്റരുത്: മലയാളി താരത്തെ പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കർ


ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചറിക്കു പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ദേവ്ദത്ത് ഇന്ത്യയുടെ അനുഗ്രഹമാണെന്ന് മഞ്ജരേക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘സ്പിൻ ബോളർമാരെ നേരിടാൻ ഇന്ത്യയ്ക്കു ലഭിച്ച അനുഗ്രഹമാണ് ദേവ്ദത്ത് പടിക്കൽ‍. പ്രതിരോധത്തിലും ആക്രമണത്തിലും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്.’’– മഞ്ജരേക്കർ വ്യക്തമാക്കി. സായ് സുദർശനു പരുക്കേറ്റതിനാൽ മൂന്നാം നമ്പരിൽ അവസരം ലഭിച്ച ദേവ്ദത്ത് പടിക്കൽ, ഗോളിൽ കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചറിയാണു സ്വന്തമാക്കിയത്.കന്നി രാജ്യാന്തര സെഞ്ചറിയുമായി (131 നോട്ടൗട്ട്) പടനയിച്ച ദേവ്ദത്ത് പടിക്കലിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ അവസാനിപ്പിച്ചത് 2ന് 288 എന്ന സ്കോറിലാണ്. 27 റൺസുമായി ഋഷഭ് പന്താണ് ദേവ്ദത്തിനൊപ്പം ക്രീസിൽ. 32 റൺസ് നേടിയ യശസ്വി ജയ്സ്വാളിനെയും 16 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയുമാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. സെഞ്ചറിയിലേക്ക് കുതിച്ച കെ.എൽ.രാഹുൽ (77 നോട്ടൗട്ട്) പേശിവലിവിനെ തുടർന്ന് റിട്ടയേഡ് ഹർട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മഴമൂലം 73 ഓവർ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.രണ്ടാം സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി മഴ വില്ലനായെത്തി. ഒന്നരമണിക്കൂറോളം മത്സരം തടസ്സപ്പെട്ടു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ സ്കോറിങ്ങിന്റെ വേഗം കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയ ദേവ്ദത്ത്, രാഹുലുമായി ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിൽ 84 റൺസും ദേവ്ദത്തിന്റെ ബാറ്റിൽനിന്നായിരുന്നു. മറുവശത്ത് ക്ഷമയോടെ ബാറ്റ് വീശിയ രാഹുൽ 127 പന്തിലാണ് അർധ സെഞ്ചറി കുറിച്ചത്. ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങി. പിന്നാലെ ശുഭ്മൻ ഗില്ലുമായി (16) ചേർന്ന് ദേവ്ദത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 62–ാം ഓവറിൽ ലങ്കൻ സ്പിന്നർ പ്രഭാത് ജയസൂര്യയുടെ പന്തിൽ ബൗണ്ടറി നേ‍ടാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. ടൈമിങ് തെറ്റിയ ഷോട്ട് അവസാനിച്ചത് ലഹിരു ഉദാരയുടെ കയ്യിൽ. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേർന്നാണ് ദേവ്ദത്ത് ഇന്ത്യൻ സ്കോർ 288ൽ എത്തിച്ചത്.


Auto ⏭️

Back to top button