NEWS

നഗരസഭയിലെ സംഘർഷം: എൽഡിഎഫ്, യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാർക്കെതിരെ കേസ്


തിരുവനന്തപുരം∙ തിങ്കളാഴ്ച കോർപറേഷൻ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് മൂന്നു മുന്നണികളുടെയും കൗണ്‍സിലര്‍മാരെ പ്രതി ചേര്‍ത്ത് മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്തത് മൂന്ന് എഫ്‌ഐആറുകള്‍. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഒരു കേസ് കൂടി എടുക്കും. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ എസ്. ഷേർളി, അനിത അലക്‌സ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി കൗണ്‍സിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വി.ജി.ഗിരികുമാര്‍, വയല്‍ക്കര രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗണ്‍സിലര്‍മാരും പ്രതികളാണ്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരെ ദേഹോപദ്രവം ഏല്‍പിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കോര്‍പറേഷന്‍ യോഗത്തിന്റെ ഹാജര്‍ ബുക്കില്‍ ബിജെപി കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ബുക്ക് ഉയര്‍ത്തിക്കാട്ടി യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ്.ശബരീനാഥന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ ബുക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലെത്തി. മറ്റു കൗണ്‍സിലര്‍മാര്‍ 2 ചേരികളിലായി ഒപ്പം ചേര്‍ന്നതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. 


Source link

Back to top button