ലക്ഷങ്ങൾ ചോദിച്ച അഭിഭാഷകരെ ഞെട്ടിച്ചു; 2432 രൂപയിൽ പ്രോപ്പർട്ടി രേഖകളിലെ പേരുമാറ്റാൻ യുവതി പയറ്റിയ തന്ത്രം

സർക്കാർ ഓഫീസുകളിലെ സങ്കീർണ്ണമായ ഫയൽ നീക്കങ്ങളും നടപടിക്രമങ്ങളും സാധാരണക്കാരായ മനുഷ്യരെ പലപ്പോഴും ഇടനിലക്കാരുടെ മുന്നിൽ കൈകൂപ്പാൻ പ്രേരിപ്പിക്കാറുണ്ട്. എന്നാൽ, നിർമിത ബുദ്ധി അഥവാ എഐ (AI) സാങ്കേതികവിദ്യയുടെ കടന്നുവരവ് ഈ രീതിയിൽ വലിയ പൊളിച്ചെഴുത്തുകൾക്ക് വഴിയൊരുക്കുകയാണ്. പ്രോപ്പർട്ടി രേഖകളിലെ പേരുമാറ്റം പോലുള്ള കാര്യങ്ങൾക്കായി എഐ ടൂളുകൾ പ്രയോജനപ്പെടുത്തിയ പൂനെയിലെ ഒരു ഐടി വിദഗ്ധയ്ക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ലാഭമാണ്. പതിനഞ്ച് വർഷത്തോളമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്ന 38 കാരിയായ വിദുല ബെംബാൽക്കറുടെ ജീവിതത്തിലുണ്ടായ ഈ അനുഭവം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
മൂന്ന് വർഷം മുൻപ് ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം വിദുലയെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ആ ദുഃഖത്തിനിടയിലും വീടുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ഭരണപരമായ ജോലികളും നിയമനടപടികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നത് അവർക്ക് ഇരട്ടി ഭാരമായി. പൂനെയിലെ പിംപ്രി-ചിഞ്ച്വാദ് പ്രദേശത്തുള്ള വസ്തുവിന്റെ വികസന പ്രവർത്തനങ്ങൾക്കായി രേഖകൾ പരിശോധിച്ചപ്പോഴാണ്, പ്രോപ്പർട്ടി ടാക്സ് രേഖകളിൽ ഇപ്പോഴും ഭർത്താവിന്റെ പേരാണുള്ളതെന്ന് അവർ ശ്രദ്ധിച്ചത്. ഇത് തിരുത്തുന്നതിനായി വർഷങ്ങളായി പരിചയമുള്ള ഒരു വക്കീലിനെ അവർ സമീപിക്കുകയുണ്ടായി.
വസ്തുവിന്റെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട സർക്കാർ ഫീസെന്ന പേരിൽ ഏകദേശം 1.5 ലക്ഷം രൂപയാണ് അഭിഭാഷകൻ അവരോട് ആവശ്യപ്പെട്ടത്. ഇതുകൂടാതെ വക്കീലിന്റെ ഫീസ് വേറെയും നൽകേണ്ടി വരുമായിരുന്നു. അക്കാലത്തെ മാനസികാവസ്ഥയിൽ ഈ തുക നൽകി പ്രശ്നം തീർക്കാൻ അവർ ഒരുങ്ങിയതുമാണ്. എന്നാൽ, പണം കൈമാറുന്നതിന് മുൻപ് ഈ നടപടിക്രമങ്ങൾ എന്താണെന്ന് സ്വയം ഒന്ന് പരിശോധിക്കാൻ വിദുല തീരുമാനിച്ചു. അങ്ങനെയാണ് ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകളുടെ സഹായം തേടാൻ അവർ തീരുമാനിച്ചത്.
രണ്ട് എഐ ടൂളുകളും നൽകിയത് തികച്ചും കൃത്യവും വ്യക്തവുമായ വിവരങ്ങളായിരുന്നു. നടപടിക്രമങ്ങളെ ഓരോ ഘട്ടമായി അവർ വിശദീകരിച്ചുകൊടുത്തു. ബന്ധപ്പെട്ട മുനിസിപ്പൽ വെബ്സൈറ്റുകളിലേക്ക് കൃത്യമായ ലിങ്കുകൾ നൽകാനും, നിയമപരമായ സങ്കീർണ്ണതകൾ ലളിതമായി പറഞ്ഞുതരാനും എഐയ്ക്ക് സാധിച്ചു. ഏതെല്ലാം രേഖകളാണ് സമർപ്പിക്കേണ്ടതെന്നും അവ എങ്ങനെ ഓൺലൈനായി അപ്ലോഡ് ചെയ്യാമെന്നും എഐ വ്യക്തമാക്കിയതോടെ കാര്യങ്ങൾ എളുപ്പമായി.
ആവശ്യമായ രേഖകളെല്ലാം നേരത്തെ തന്നെ കയ്യിലുണ്ടായിരുന്നതിനാൽ, അപേക്ഷ സമർപ്പിക്കാൻ വിദുലയ്ക്ക് ചെലവായത് വെറും 10 മിനിറ്റ് മാത്രം. സർക്കാർ ഫീസായി 2,432 രൂപ മാത്രമാണ് അവർക്ക് അടയ്ക്കേണ്ടി വന്നത്. മരണ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഇൻഡക്സ് II, നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് ഇതിനായി ഉപയോഗിച്ചത്.




