ആറന്മുള തിരുവോണ സദ്യ വിഭവങ്ങളുമായി വള്ളം പുറപ്പെട്ടു

കോട്ടയം: ആറന്മുള ഭഗവാന്റെ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കുമാരനല്ലൂരിൽ നിന്ന് ചുരുളൻ വള്ളം പുറപ്പെട്ടു. മങ്ങാട്ട് ഇല്ലം അനൂപ് നാരായണ ഭട്ടതിരിയാണ് വള്ളത്തിൽ യാത്ര പുറപ്പെട്ടത്. കുമാരനല്ലൂർ ക്ഷേത്രത്തിലെ ചതുശതം വഴിപാടിനും മങ്ങാട്ടില്ലത്തെ നിത്യപൂജയ്ക്കും ശേഷം മൂന്നു തുഴച്ചിലുകാർക്കുമൊപ്പമാണ് യാത്ര.
സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം നഗരസഭാംഗം ജി. രാജേഷ്, കുമാരനല്ലൂർ ഊരാണ്മ കുടുംബയോഗം പ്രസിഡന്റ് വി.എൻ. മണിക്കുട്ടൻ നമ്പൂതിരി, വിവിധ എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ തുടങ്ങിയവർ തോണിയെ യാത്രയാക്കാൻ എത്തിയിരുന്നു. പത്തനംതിട്ടയിലെ കാട്ടൂർകടവ് വരെയാണ് യാത്ര. അവിടെ നിന്ന് യാത്ര തിരുവോണത്തോണിയിലാകും. 25ന് സന്ധ്യയ്ക്ക് തോണി കാട്ടൂർകടവിൽ നിന്ന് പുറപ്പെടും. ഇവിടെ നിന്ന് 18 കരക്കാരുടെ പ്രതിനിധികൾ കൂടി തോണിയിലുണ്ടാകും. ചുരുളൻ വള്ളം അകമ്പടിയാകും. ഓണപ്പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും.
ക്ഷേത്രത്തിൽ അത്താഴപൂജ വരെ ഭട്ടതിരിയുടെ കാർമികത്വമുണ്ടാകും. മങ്ങാട്ട് ഇല്ലത്തിനു പാരമ്പര്യവഴിയിൽ കിട്ടിയതാണ് അവകാശം. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ അനൂപ് ഭട്ടതിരി നാലാം തവണയാണ് ആറന്മുളയിലേക്ക് തോണിയാത്ര നടത്തുന്നത്.


