NEWS
പൊന്മുടി ഹൈവേയിൽ മരങ്ങളുടെ നിൽപ്പനുസരിച്ച് വളച്ച് ഓട നിർമാണം; പുനഃപരിശോധിക്കണമെന്ന് ആവശ്യം

വിതുര ∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണത്തിന്റെ ഭാഗമായി വിതുര കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം സ്വകാര്യ സ്കൂൾ മതിലിനോട് ചേർന്നുള്ള ഓട നിർമാണം അശാസ്ത്രീയമാണെന്ന് ആക്ഷേപം. വലിയൊരു പാല മരവും അതിനോടു ചേർന്ന് ഒരു ആൽ മരവും ഇവിടെയുണ്ട്. ഈ മരങ്ങളുടെ ചുവട്ടിലെ മണ്ണ് പൂർണമായും നീക്കി ചെറിയ തോതിൽ വളച്ചാണ് ഓട നിർമിക്കുന്നത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ എത്രത്തോളം പ്രായോഗികവും ശാശ്വതവുമാകുമെന്ന കാര്യത്തിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ച് ആൽമരത്തിന്റെ ശക്തമായ വേരുകൾ ഭാവിയിൽ ഓടയുടെ ഭിത്തികൾ തകർക്കാനും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.ഇതു മൂലം മഴക്കാലത്ത് വെള്ളക്കെട്ട് സൃഷ്ടിക്കുകയും റോഡിന് ബലക്ഷയം ഉണ്ടാക്കുകയും ചെയ്തേക്കാം. റോഡിനോട് ചേർന്നുള്ള ഓടയോട് ചേർന്ന് മരത്തിന്റെ വേരുകൾ ഉള്ളത് തന്നെയാണ് പ്രധാന പ്രശ്നം. അതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ ഭാഗത്തെ നിർമാണം അടിയന്തരമായി പുനഃ പരിശോധിച്ച് കൂടുതൽ ശാസ്ത്രീയമാക്കണമെന്നാണ് ആവശ്യം. ഓട മരങ്ങളുടെ നിൽപ്പനുസരിച്ച് വളച്ചു നിർമിക്കുന്നതിനു പകരം വെള്ളം നേരിട്ട് തോട്ടിലേക്ക് തടസ്സമില്ലാതെ ഒഴുകുന്ന തരത്തിൽ ക്രമീകരിക്കണമെന്ന ആവശ്യവുമുണ്ട്.
Fashion ⏭️


