NEWS

കോടികൾ മുടക്കി പൊന്മുടി ഹൈവേ നവീകരണം: ഓട നിർമാണത്തെ കുറിച്ച് പരാതികൾ


വിതുര ∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നവീകരണത്തിന്റെ ഭാഗമായുള്ള ഓട നിർമാണത്തിലെ അശാസ്ത്രീയ സംബന്ധിച്ച് കൂടുതൽ പരാതികൾ. വിതുര ചന്തമുക്കിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്ന രീതിയിലുള്ള നിർമാണമാണ് നടക്കുന്നതെന്നാണ് പരാതി. റോഡരികിലെ ആൽമരം നിലനിർത്തി വ്യാപാര സ്ഥാപനത്തിന്റെ അതിരിന് ഇടയിൽ ആയിട്ടാണ് ഓട നിർമിക്കുന്നത്. അപകടാവസ്ഥയിലായ ആൽ മരം അതേ പടി നിലനിർത്തിയാണ് നിർമാണം എങ്കിൽ ഭാവിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാം. ആൽമരത്തിന്റെ വേരുകൾ വ്യാപിച്ചാൽ ഓടയെയും റോഡിനെയും ബാധിക്കുമെന്ന് വ്യക്തമാണ്. എന്നിട്ടും മരം സുരക്ഷിതമായി മുറിച്ചു നീക്കുകയോ അല്ലെങ്കിൽ അനുയോജ്യമായ സാങ്കേതിക പരിഹാരം സ്വീകരിക്കുകയോ ചെയ്യാൻ ബന്ധപ്പെട്ടവർ ആർജവം കാണിച്ചിട്ടില്ല. കോടികൾ മുടക്കിയുള്ള പദ്ധതിയുടെ ഭാഗമായുള്ള ഓട നിർമാണത്തിൽ ഇത്തരത്തിൽ അശാസ്ത്രീയത കടന്നു കൂടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം സ്വകാര്യ സ്കൂളിന്റെ മതിലിനോടു ചേർന്നുള്ള പാല മരവും ആൽ മരവും അതേ പടി നിർത്തിയുള്ള നിർമാണം സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഇന്നലെ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതൽ പരാതികൾ ഉയരുന്നത്. തേവിയോട് ജംക്‌ഷനിലും ചന്തമുക്കിലും പരാതികളുണ്ട്. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.


Fashion ⏭️

Back to top button