NEWS

ഹോ! ആ 5 മിനിറ്റ്… മണ്ടൂരിലെ അപകടവളവിൽ പൊലിഞ്ഞത് 2 കുടുംബങ്ങളുടെ പ്രതീക്ഷ


പിലാത്തറ ∙ കെഎസ്ടിപി റോഡരികിൽ നിർത്തിയിട്ട ലോറി നന്നാക്കുകയായിരുന്ന എബിനേസർ ആന്റോയ്ക്കും ഷിബിലിനും ചായ വാങ്ങിക്കൊണ്ടുവന്നതായിരുന്നു ലോറി ഉടമ സുബൈർ കാലിക്കടവ്. ചായ കുടിക്കാൻ വിളിച്ചപ്പോൾ 5 മിനിറ്റ് കഴിഞ്ഞു വരാമെന്നു പറഞ്ഞു ഇരുവരും. ആ 5 മിനിറ്റിനിടെ പൊലിഞ്ഞത് 2 കുടുംബങ്ങളുടെ പ്രതീക്ഷയാണ്. പിലാത്തറ– പഴയങ്ങാടി കെഎസ്ടിപി റോഡിൽ മണ്ടൂർപള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ച എബിനേസർ, മാവുങ്കാൽ മൂലക്കണ്ടം കൃപാലയത്തിലെ വി.പി.വിനോദിനി‌യുടെ ഏകമകനാണ്. സഹപ്രവർത്തകനായ ഷിബിൽ ഇക്കൂരത്ത് വളപ്പിൽ അബ്ദുൽ ലത്തീഫ്–സജിറ ദമ്പതികളുടെ കുടുംബത്തിന്റെ ഏകപ്രതീക്ഷയും.സുബൈർ ചായയുമായെത്തി 2 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു അപകടം. മഴ പെയ്തതിനാൽ, ഇതിനിടെ സുബൈറും കാർ ഡ്രൈവറും ലോറിയുടെ പിറകിൽ നിർത്തിയിട്ട കാറിൽക്കയറിയിരുന്നു. സിമന്റ് ബൾക്കർ ലോറി ഇടിച്ചതോടെ, മരത്തടി കയറ്റിയ ലോറി നിരങ്ങിയെത്തി ഇവരുടെ കാറിൽ ഇടിച്ചു. കാർ തിരിഞ്ഞെങ്കിലും ഇരുവർക്കും പരുക്കേറ്റില്ല. ഉടൻ പുറത്തിറങ്ങി. അപ്പേഴോക്കും ലോറികളിൽ തീപടർന്നതിനാൽ അടുത്തേക്കു പോകാൻ സാധിച്ചില്ലെന്ന് സുബൈർ പറഞ്ഞു. തുടർച്ചയായ അപകടങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ അപകടവളവ് ബോർഡ് വച്ച് ബ്ലാക്ക് സ്പോട്ട് മുന്നറിയിപ്പ് ബോർഡു സ്ഥാപിക്കണം. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ വളവ് റോ‍ഡിന്റെ ഇരുവശത്തും റംബിൾ സ്ട്രിപ്പുകളോ തെർമോപ്ലാസ്റ്റിക് ലൈനോ സ്ഥാപിക്കണം. ഇവിടത്തെ അപകടങ്ങൾ ശാശ്വതമായി ഇല്ലാതാക്കാൻ വളവ് നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


Fashion ⏭️

Back to top button