NEWS

കേരളത്തിനുള്ളിൽ ട്രെയിനോടിക്കാൻ പുതിയ ടെർമിനലല്ലാതെ മറ്റു മാർഗമില്ല; കേരളം ആവശ്യപ്പെടേണ്ടത് നഷ്ടപരിഹാര പാക്കേജ്


പാലക്കാട്/ തിരുവനന്തപുരം∙ മംഗളൂരു വേർപെടുത്തുന്നതു മൂലം പാലക്കാട് ഡിവിഷനുണ്ടാകുന്ന നഷ്ടം നികത്താൻ കേരളം ഉടൻ ആവശ്യപ്പെടേണ്ടതു പ്രത്യേക നഷ്ടപരിഹാര പാക്കേജ്. കാസർകോട് കുമ്പളയിൽ പുതിയ ടെർമിനൽ സ്റ്റേഷനുള്ള പദ്ധതി ശുപാർശ തയാറാക്കി റെയിൽവേ ബോർഡിൽനിന്ന് അനുമതി വാങ്ങി 3 മാസത്തിനുള്ളിൽ നിർമാണം തുടങ്ങാനും കഴിയണം. ഇതിന് എംപിമാർ മുന്നിട്ടിറങ്ങണം. കുറഞ്ഞത് 2 വർഷം നിർമാണത്തിനു വേണ്ടിവരും. ആദ്യഘട്ടത്തിൽ കുമ്പളയിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്‌ലൈനുകൾ, 4 പ്ലാറ്റ്ഫോമുകൾ, 2 സ്റ്റേബിളിങ് ലൈനുകൾ എന്നിവ നിർമിക്കാനാണു മുൻഗണന നൽകേണ്ടതെന്ന് വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ കൂടുതൽ ഭൂമി കണ്ടെത്തിയാൽ രണ്ടാംഘട്ടത്തിൽ വിപുലീകരിക്കാനാകും.കേരളത്തിനുള്ളിൽ ട്രെയിനോടിക്കാൻ പുതിയ ടെർമിനലല്ലാതെ മറ്റു മാർഗമില്ല. മുൻപ് മറ്റാരോടും ചോദിക്കാതെ ദക്ഷിണ റെയിൽവേയ്ക്ക് മംഗളൂരുവിലേക്കു ട്രെയിനോടിക്കാമായിരുന്നു. ഇനി ഓരോ തവണയും ദക്ഷിണ പശ്ചിമ റെയിൽവേയുടെ അനുമതി തേടണം. അനുമതി ലഭിക്കുമെന്ന് ഉറപ്പുമില്ല. കേരളത്തിലേക്കുള്ള ട്രെയിനുകൾ മംഗളൂരു സെൻട്രലിൽനിന്നു മംഗളൂരു ജംക്‌ഷനിലേക്കു മാറ്റണമെന്ന ആവശ്യം അവിടെ ഇതിനോടകം ഉയർന്നിട്ടുണ്ട്. കർണാടകയിലേക്കു സർവീസ് നടത്തുന്ന ട്രെയിനുകളാണു മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കേണ്ടതെന്നാണു വാദം.


Fashion ⏭️

Back to top button