NEWS

‘ഫിറ്റ്നസ് ഇല്ലെങ്കിൽ ശമ്പളവുമില്ല’; സ്കൂളുകളുടെ സുരക്ഷയിൽ കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്, താത്കാലിക സര്‍ട്ടിഫിക്കറ്റ് നേടിയവർ പ്രതിസന്ധിയിൽ


തിരുവനന്തപുരം∙ സ്‌കൂളുകളുടെ ഫിറ്റ്‌നസും തസ്തിക നിര്‍ണയവും ജീവനക്കാരുടെ ശമ്പളവും ബന്ധിപ്പിച്ച് സുരക്ഷയില്‍ നിലപാട് കടുപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ തുറക്കാന്‍വേണ്ടി മാത്രമായി തദ്ദേശസ്ഥാപനങ്ങളില്‍നിന്നു താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രൊവിഷണല്‍ ഫിറ്റ്നസ് നല്‍കാന്‍ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാല്‍, അത്തരം സ്‌കൂളില്‍ തസ്തികനിര്‍ണയം നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ജൂലൈ 15 മുതലുള്ള ശമ്പളം നല്‍കാനാവില്ലെന്നും അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനമാക്കി ക്രമീകരിക്കാനുമാണ് നിര്‍ദേശം. ഒരു അധ്യയന വര്‍ഷത്തേക്കു തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിര്‍ണയ ഉത്തരവു നൽകുന്നതെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മാസത്തേക്ക് നല്‍കുന്ന പ്രൊവിഷനല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അധ്യയനം ആരംഭിക്കുന്നതിനു വേണ്ടി താല്‍ക്കാലികമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയി മാത്രമേ കാണാന്‍ കഴിയൂ. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നതിനു മുന്‍പ് ഒരു വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നെങ്കില്‍ മാത്രം തസ്തിക നിര്‍ണയ ഉത്തരവ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അല്ലാത്ത പക്ഷം സ്‌കൂള്‍ മാനേജ്‌മെന്റ് സര്‍ക്കാരില്‍നിന്നും പ്രത്യേക അനുമതി ലഭ്യമാക്കണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ള കെട്ടിടങ്ങള്‍ മാത്രമേ ക്ലാസ് മുറിയായി ഉപയോഗിക്കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവും ഉത്തരവിലുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ തസ്തിക നിര്‍ണയ ഉത്തരവ് നല്‍കാന്‍ കഴിയില്ലെങ്കില്‍ ജൂലൈ 15 മുതല്‍ ജീവനക്കാര്‍ ശമ്പളം അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. 


Source link

Back to top button