‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ ; തുടർച്ചയായ പവർക്കട്ടിൽ വൈദ്യുതി മന്ത്രിയെ പരിഹസിച്ച് ശിവൻകുട്ടി

ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർക്കട്ടിൽ സർക്കാരിനെ പരഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. ബിസ്‌മയത്തിന്റെ അതിതീവ്രനാളുകൾ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശിവൻകുട്ടി സർക്കാരിനെ പരിഹസിക്കുന്നത്. ‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്നാണ് പോസ്റ്റിൽ പറയുന്നത്.
പകൽചൂട് കനക്കുന്നതിനിടയിൽ രാത്രികാലങ്ങളിലുണ്ടാകുന്ന പവർകട്ടിനെയാണ് അദ്ദേഹം പരഹസിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്നും എത്രനാൾ പവർകട്ട് തുടരേണ്ടി വരുമെന്ന് അറിയില്ലെന്നുമുള്ള വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാദ്ധ്യതയുണ്ടെന്നും കേന്ദ്ര പൂളിൽനിന്ന് കിട്ടുന്ന വൈദ്യുതി കുറഞ്ഞെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഭരണം പരാജയമാണെന്ന് പറയുന്നത് ശരിയല്ലെന്നും ഇടത് സർക്കാരിന്റെ കാലത്തും നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


