NEWS
കേരളത്തിലെ മഴക്കുറവിൽ വലഞ്ഞ് തമിഴ്നാട്; വറ്റിവരണ്ട് കമ്പവും തേനിയും, കർഷകർക്ക് നെഞ്ചിടിപ്പ്, ഓണവിപണിക്ക് ആശങ്ക

തൊടുപുഴ∙ കേരളത്തിലെ മഴക്കുറവ് തമിഴ്നാട് കർഷകരെ സാരമായി ബാധിക്കുമ്പോൾ ആശങ്കയിലായി ഓണം വിപണി. കമ്പം, തേനി, മധുര ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയിടം ഉഴുതിട്ടിട്ടുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷി തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ തമിഴ്നാട്ടിൽ.വലിയ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ പച്ചക്കറി, പൂ കൃഷികളുടെ ഉൽപാദനം വൻ തോതിൽ കുറയുമെന്ന് തമിഴ് കർഷകർ പറയുന്നു. ഈ പ്രദേശങ്ങളിൽ കൃഷിക്കുള്ള ജലം മുല്ലപ്പെരിയാർ ഡാമിൽ നിന്നാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് സാരമായി കുറഞ്ഞതോടെ തമിഴ്നാട് എടുക്കുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു. കമ്പം ജില്ലയിലെ തോടുകളും ചെക്ക് ഡാമുകളും പൂർണമായി വറ്റിവരണ്ടു.നിലവിലെ കൃഷി കുഴൽകിണറുകളിലെ വെള്ളം ഉപയോഗിച്ച് പിടിച്ചു നിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ചെറുകിട കർഷകരിൽ പലർക്കും കുഴൽ കിണർ ഇല്ലാത്തതും പ്രതിസന്ധിയാണ്. ലഭ്യത കുറഞ്ഞാൽ ഓണക്കാലത്ത് പച്ചക്കറിയുടെ വില കുതിച്ചുയർന്നേക്കും. പൂക്കൾ കമ്പത്ത് പോയി എടുത്താലും വലിയ ലാഭം പ്രതീക്ഷിക്കേണ്ടെന്ന് കർഷകർ തന്നെ പറയുന്നു.
Fashion ⏭️


