NEWS

മാലാഖയായി ആതിര, ഷാജഹാന് പുനർജന്മം; ഡ്രൈവിങ് സീറ്റിൽ പിടഞ്ഞ ലോറിഡ്രൈവർക്ക് രക്ഷകയായി


ബത്തേരി∙ ഹൃദയാഘാതത്തെ തുടർന്ന് മൺതിട്ടയിൽ ലോറി ഇടിപ്പിച്ചു നിർത്തി അബോധാവസ്ഥയിലേക്കു നീങ്ങിയ ഡ്രൈവറുടെ രക്ഷകയായി അതുവഴി കാറിലെത്തിയ നഴ്സ് ആതിര. നിലച്ചു പോയേക്കാമായിരുന്ന ഒരു ഹൃദയം ഇപ്പോൾ മിടിച്ചുകൊണ്ടിരിക്കുന്നത് ആതിരയെന്ന മാലാഖയുടെ ഇടപെടൽ ഒന്നു കൊണ്ടു മാത്രം. ഒപ്പം സ്വന്തം കാറിൽ നെഞ്ചുവേദനയിൽ പിടയുന്ന അപരിചിതനെയും സിപിആർ നൽകിക്കൊണ്ടിരുന്ന ആതിരയേയും 20 കിലോമീറ്റർ ദൂരം മിന്നൽ വേഗത്തിൽ പിന്നിട്ടെത്തിച്ച ആതിരയുടെ ഭർത്താവ് രജിത്തിന്റെ ഇടപെടലും. ജീവിതത്തിലേക്ക് തിരിച്ചു വന്ന ഈങ്ങാപ്പുഴ സ്വദേശിയായ ഡ്രൈവർ ഷാജഹാൻ(55) ഇപ്പോൾ ബത്തേരി ഇഖ്റ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒൻപതരയോടെ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ സീതാ ശ്രീരാമ ക്ഷേത്രത്തിനു മുൻവശത്താണു സംഭവം. ബത്തേരി ഇഖ്റ ആശുപത്രിയിൽ നഴ്സ് ആയ നായ്ക്കെട്ടി പിലാക്കാവ് വീട്ടിൽ ആതിരയും ഭർത്താവ് രജിത്തും കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു. ക്ഷേത്രത്തിൽ നിന്നിറങ്ങി ദേശീയപാതയോരത്തു പാർക്കു ചെയ്തിരുന്ന കാർ തിരിക്കാൻ തുടങ്ങുമ്പോഴാണ് സമീപത്തായി മൺതിട്ടയിൽ ഇടിച്ചു കയറിയ ലോറി കണ്ടത്. കാറിൽ നിന്നിറങ്ങി നോക്കിയപ്പോൾ ഡ്രൈവർ നെഞ്ചുവേദനയേറ്റു പിടയുന്നതാണ് കണ്ടത്. അപ്പോഴേക്കും ഒന്നുരണ്ടു പേർ കൂടി അടുത്തെത്തി. എല്ലാവരും ചേർന്ന് ഡ്രൈവറെ താഴെയിറക്കി. 


Fashion ⏭️

Back to top button