NEWS
കുംഭമേള വൈറൽ പെൺകുട്ടിക്ക് തിരിച്ചടി; പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി ∙ കുംഭമേള വൈറൽ പെൺകുട്ടിക്ക് അനുവദിച്ച പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരിയായ പെൺകുട്ടിയെ ഇവർ നൽകിയ ഫോൺ നമ്പറിലോ വിലാസത്തിലോ കണ്ടെത്താൻ പൊലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പിൻവലിച്ചത്. എന്നാൽ, സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി രേഖാമൂലം അപേക്ഷ നൽകിയാൽ ആവശ്യമായ സുരക്ഷ നൽകാനും കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കേസ് ജൂലൈ 21ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കഴിഞ്ഞ മാസം പൊലീസ് സംരക്ഷണം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 19ന് കോടതി ഇവർക്ക് പ്രത്യേക സംരക്ഷണം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും എന്നാൽ പിന്നീട് ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കാണാതാവുകയും ചെയ്യുന്നത് ഹർജിക്കാരിയുടെ പതിവായി മാറിയിരിക്കുകയാണെന്നും, ഇത്തരമൊരു സാഹചര്യത്തിൽ സംരക്ഷണത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനു മേൽ കെട്ടിവയ്ക്കാനാകില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ തനിക്ക് നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും കോടതിയിൽ വ്യക്തമാക്കി.
Source link


