NEWS
‘ജീവിതത്തിന്റെ അവസാനമല്ല, പുതിയൊരു കാലഘട്ടത്തിന്റെ തുടക്കം’; ചീഫ് സെക്രട്ടറി എ. ജയതിലക് വിരമിച്ചു

തിരുവനന്തപുരം ∙ കേരളത്തിന്റെ സമഗ്രമായ വികസന മാറ്റത്തിനായി ഓൾ ഇന്ത്യ സർവീസിലേയും സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ മേഖലകളിലെയും ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിരമിക്കുന്ന ചീഫ് സെക്രട്ടറി എ. ജയതിലകിനും അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയ്ക്കും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വിരമിക്കൽ ജീവിതത്തിന്റെ അവസാനമല്ല, പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണിത്. മുൻപ് വിരമിക്കൽ ജീവിതത്തിന്റെ അവസാനമായാണ് പലരും കണ്ടിരുന്നതെങ്കിലും ഇന്ന് സാഹചര്യങ്ങൾ മാറി. ആയുർദൈർഘ്യം വർധിച്ചതിനാൽ സർവീസിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാലം ആളുകൾക്ക് വിരമിച്ച ശേഷമുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ഈ മാറ്റം പരിഗണിച്ചാണ് പുതിയ ബജറ്റിൽ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ ക്രിയാത്മകമായി സമൂഹത്തിനു സംഭാവന ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഉപഹാരം എ.ജയതിലകിനും രാജൻ എൻ. ഖോബ്രഗഡെയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു. വിരമിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. നിയുക്ത ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു നന്ദി അറിയിച്ചു.
Source link


