LIFESTYLE

മാനസികാരോഗ്യം തേടി പുതിയ വഴി; ഇഷ്ടികകളെ ‘വളർത്തുന്ന’ യുവാക്കൾ

വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനും വീടിനുള്ളിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനും കൃത്യമായ നിഷ്ഠയും ശ്രദ്ധയും ആവശ്യമാണ്. എന്നാൽ, തികച്ചും വിചിത്രമെന്നു തോന്നാവുന്ന ഒരു ശീലം ചൈനയിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ തരംഗമായി മാറുകയാണ്; വെറും ഇഷ്ടികകളിൽ പായൽ വളർത്തി അവയെ വളർത്തുമൃഗങ്ങളെപ്പോലെ കൊണ്ടുനടക്കുന്ന രീതിയാണിത്. യാതൊരുവിധ ബാധ്യതകളും പേറാതെ തന്നെ മാനസികമായ ഉന്മേഷം കണ്ടെത്താനുള്ള ഒരു എളുപ്പവഴിയായി ഇതിനെ കാണുന്നു.

വളർത്തുമൃഗങ്ങളെ നോക്കുന്നതുപോലെയുള്ള കഠിനമായ ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കാത്തവർക്ക് ഇതൊരു മികച്ച പകരക്കാരനായി മാറിയിരിക്കുന്നു. ഒരു സാധാരണ ഇഷ്ടികയിൽ ദിവസവും ഇടയ്ക്കിടെ വെള്ളം തളിച്ചുകൊടുത്താൽ മതിയാകും. വായുവിലുള്ള പായലിന്റെ ബീജാണുക്കൾ ക്രമേണ ഇഷ്ടികയുടെ ഉപരിതലത്തിൽ പറ്റിപ്പിടിച്ച് പച്ചപ്പായി മാറാൻ തുടങ്ങും. മൃഗങ്ങളെപ്പോലെ ഇവയ്ക്ക് ഭക്ഷണം നൽകേണ്ടതില്ല, മാത്രമല്ല, വലിയ സാമ്പത്തികച്ചെലവുമില്ല. കുറച്ചുനാൾ ശ്രദ്ധിക്കാതെ വിട്ടാലും ഇവ നശിച്ചുപോകില്ല; വെള്ളം കിട്ടാത്തപ്പോൾ സുഷുപ്താവസ്ഥയിലാകുന്ന പായൽ, വീണ്ടും നനയ്ക്കുമ്പോൾ പഴയതുപോലെ പച്ചപ്പ് വീണ്ടെടുക്കും.

ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഈ വിചിത്ര വിനോദം വലിയ ചർച്ചാവിഷയമായിട്ടുണ്ട്. പ്രമുഖ പ്ലാറ്റ്‌ഫോമായ ‘വെയ്ബോ’യിൽ ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം തവണയാണ് ഇതുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകൾ ആളുകൾ കണ്ടത്. തങ്ങളുടെ ഇഷ്ടികകളിൽ പായൽ വളരുന്നതിന്റെ ദൃശ്യങ്ങൾ ‘#healing’, ‘#stressrelief’ തുടങ്ങിയ ഹാഷ്‌ടാഗുകൾ ചേർത്ത് യുവാക്കൾ പങ്കുവെക്കുന്നു. മത്സരങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത, മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടാത്ത, അനായാസം ലഭിക്കുന്ന ഈ വൈകാരിക കൂട്ടുകെട്ട് തങ്ങൾക്ക് വലിയൊരു ആശ്വാസമാണെന്ന് ഇവർ പറയുന്നു.

ദി ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം, തൊഴിലിനെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള യുവാക്കളുടെ മനോഭാവത്തിലെ മാറ്റമാണ് ഈ പ്രവണത വ്യക്തമാക്കുന്നത്. ചൈനയിലെ തൊഴിൽ വിപണി നേരിടുന്ന വലിയ പ്രതിസന്ധികൾ ഇതിന്റെ ഭാഗമാണ്; വിദ്യാർഥികളൊഴികെ 16 മുതൽ 24 വരെ പ്രായമുള്ളവരിൽ അഞ്ചിലൊരാൾക്ക് ജോലിയില്ലെന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനുപുറമെ, ജനനനിരക്കിലെ വലിയ ഇടിവ് സാമൂഹികമായ ആശങ്കകളും വർധിപ്പിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ വിവാഹം, കുടുംബജീവിതം, ഔദ്യോഗിക തിരക്കുകൾ എന്നിവയിൽ നിന്ന് പലരും സ്വയം അകലം പാലിക്കുകയാണ്. കടുത്ത മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സമ്മർദരഹിതമായ ജീവിതം തിരഞ്ഞെടുക്കുന്ന ‘ലയിങ് ഫ്ലാറ്റ്’ എന്ന തത്വശാസ്ത്രവുമായി ഈ ഇഷ്ടിക പരിപാലനത്തെ വിദഗ്ധർ താരതമ്യപ്പെടുത്തുന്നുണ്ട്. വലിയ നേട്ടങ്ങൾ കൈവരിക്കണമെന്ന സമ്മർദമില്ലാതെ തന്നെ, ചെറിയൊരു കാര്യത്തിൽ ഇടപെട്ടുവെന്ന സംതൃപ്തി കണ്ടെത്താൻ ഈ പുതിയ ശീലം യുവാക്കളെ സഹായിക്കുന്നു.

Cinema ⏭️

Back to top button