NEWS

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച: 12 കിലോമീറ്റർ നീണ്ട പിന്തുടരലിനൊടുവിൽ സംഘം പിടിയിൽ

കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് നടന്ന സ്വർണക്കടത്ത് തട്ടിപ്പ് പൊലീസ് തകർത്തു. വിദേശത്ത് നിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനിയായ പ്രിയങ്കയെയും, ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരെയും പൊലീസ് പിടികൂടി. ഇവർ കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങാനായി വിമാനത്താവള പരിസരത്ത് കാത്തുനിന്ന മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പ്രിയങ്ക സ്വർണവുമായി വന്നിറങ്ങിയത്. ഉടൻ തന്നെ നീല നിറത്തിലുള്ള ഒരു കാറിൽ കയറി സംഘം അതിവേഗം അവിടെ നിന്നും കടന്നുകളഞ്ഞു. ഇവരെ പിന്തുടർന്നെങ്കിലും സ്വർണം കൈപ്പറ്റാനെത്തിയ ജാബിറിന് സംഘത്തെ തടയാൻ സാധിച്ചില്ല. മറ്റൊരു കേസന്വേഷണത്തിനായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന കരിപ്പൂർ എസ്ഐയും സംഘവും ഉടൻ തന്നെ ഇവരെ പിടികൂടാൻ പാച്ചിൽ തുടങ്ങി. ഇടുങ്ങിയ റോഡുകളിലൂടെ അതിവേഗം പാഞ്ഞ സംഘത്തെ പന്ത്രണ്ട് കിലോമീറ്ററോളം പിന്തുടർന്ന ശേഷം പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ വെച്ച് പൊലീസ് സാഹസികമായി തടയുകയായിരുന്നു. കുറ്റവാളികളെ പിടികൂടാൻ നാട്ടുകാരും പൊലീസിന് പിന്തുണ നൽകി. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

Fashion ⏭️

Back to top button