NEWS

മീനങ്ങാടി സ്കൂൾ വിനോദയാത്ര അനുമതി രേഖകൾ പുറത്ത്: പ്രിൻസിപ്പളിന്റെ സ്ഥലംമാറ്റം തെറ്റെന്ന് തെളിവ്

ആർഡിഡി ഓഫീസിലേക്ക് സമർപ്പിച്ച അപേക്ഷ

കൽപ്പറ്റ: മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് മറുപടിയായി, യാത്രയ്‌ക്ക് അനുമതി തേടി അധികൃതർ നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നതായി തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷന് (ആർഡിഡി) ഓഗസ്റ്റ് 14-ന് നൽകിയ അപേക്ഷയുടെ പകർപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

രണ്ടു മാസത്തോളം കാത്തിരുന്നിട്ടും ഈ അപേക്ഷയിൽ യാതൊരുവിധ പ്രതികരണവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 25-ന് സ്‌കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത്. ഇത്തരം അപേക്ഷകൾക്ക് പലപ്പോഴും യഥാസമയം മറുപടി ലഭിക്കാറില്ലെന്നും, അതുമൂലമാണ് യാത്രയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നുമാണ് സ്‌കൂൾ മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. ആർഡിഡിയുടെ അനുമതി വാങ്ങാതെയും ചട്ടങ്ങൾ ലംഘിച്ചും യാത്ര നടത്തിയെന്ന് ആരോപിച്ച് മീനങ്ങാടി സ്‌കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ സ്‌കൂളിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ഈ നടപടിയെ തള്ളിക്കളയുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നത്.

സ്‌കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു എന്ന രീതിയിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ആരോപണങ്ങൾ ഉയർന്നത് വിവാദങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ, വൈദ്യപരിശോധനയിലൂടെ പ്രിൻസിപ്പൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. യാത്രയ്ക്കിടെ കുട്ടികൾ പകർത്തിയ ചില ദൃശ്യങ്ങൾ ചിലർ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് ഷിവി കൃഷ്ണൻ പ്രതികരിച്ചു. തങ്ങൾ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് സ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരത്തിലാണ്.

Sports ⏭️

Read News ⏭️

Back to top button