പി.എസ്.സി പരീക്ഷാ തട്ടിപ്പ്: നിയന്ത്രണ കേന്ദ്രം കണ്ടെത്തി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുടെ മൂല്യനിർണയത്തിലും തുടർന്നുനടക്കുന്ന അഭിമുഖങ്ങളിലും അട്ടിമറി നടത്തി, തങ്ങൾക്ക് താൽപ്പര്യമുള്ളവരെ തിരുകിക്കയറ്റാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്ന അദൃശ്യശക്തിയായ ‘കമാൻഡ് സെന്റർ’ അന്വേഷണ സംഘം കണ്ടെത്തി. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കളാണ് ഈ സംവിധാനത്തിന് പിന്നിലെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു. പിടിയിലായ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥർ മുഖേനയാണ് ഈ നേതാക്കൾ നിർദ്ദേശങ്ങൾ കൈമാറിയിരുന്നത്. കമ്മിഷനിലെ രാഷ്ട്രീയ സ്വാധീനമുള്ള മൂന്ന് അംഗങ്ങളും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. നിലവിൽ റിമാൻഡിലുള്ള റിട്ടയേർഡ് ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡിഷണൽ സെക്രട്ടറി ആർ. ഹരി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിയമനം ലഭിക്കേണ്ടവരുടെ ഒരു പട്ടിക ‘കമാൻഡ് സെന്റർ’ മുൻകൂട്ടി നൽകും. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് അനധികൃതമായി നിയമനം ലഭിക്കുന്നതിനായി കമ്മിഷനംഗങ്ങളും ചില ഉദ്യോഗസ്ഥരും ഒത്തുചേർന്ന് ക്രമക്കേടുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു പതിവ്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ, ചെയർമാനും മറ്റ് അംഗങ്ങൾക്കും പുറമേ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ഇപ്പോൾ ‘കമാൻഡ് സെന്റർ’ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
രണ്ടുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ സെക്രട്ടറി സാജു ജോർജിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. സെക്രട്ടറിയെ പൂർണ്ണമായും ഒഴിവാക്കി ചെയർമാനും ഏതാനും കമ്മിഷനംഗങ്ങളും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരിമറികളെക്കുറിച്ചുള്ള വ്യക്തമായ മൊഴി അദ്ദേഹം നൽകിയതായാണ് വിവരം. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെ ഇന്ന് ചോദ്യം ചെയ്യും. ഇതിനുപുറമെ, 12 കമ്മിഷനംഗങ്ങൾക്ക് നാളെ മുതൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ മൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം ചെയർമാനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
സക്കീർ നിലവിൽ പ്രതിയല്ല: എസ്.ഐ.ടി
ഖാദി ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ പി.എസ്.സി ജീവനക്കാരന്റെ ഭാര്യയ്ക്ക് യോഗ്യതയില്ലാതിരുന്നിട്ടും നിയമനം നൽകിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പി.എസ്.സി ഉദ്യോഗസ്ഥർ മാത്രമാണ് പ്രതികളായിട്ടുള്ളത്.
ചോദ്യം ചെയ്യലിനായി സക്കീറിന് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കി. ഡൽഹിയിലുള്ള ഐ.ജി അജീതാ ബീഗം ഇന്ന് തിരിച്ചെത്തിയ ശേഷം കേസിന്റെ പുരോഗതിയും തുടർനടപടികളും സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തും.




