NEWS

മദ്യശാലകളിൽ ഇനി കരൾ പരിശോധന: സ്മോളടിക്ക് പുതിയ ആരോഗ്യ നിർദ്ദേശം

മധ്യപ്രദേശ്: മദ്യശാലകളിലെത്തുന്നവരോട് കയ്യിൽ പണമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പകരം, ശരീരത്തിൽ ആരോഗ്യമുള്ള കരൾ ഉണ്ടോ എന്ന് ചോദിച്ച് ഞെട്ടിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. സാഗറിൽ അടുത്തിടെയുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ മദ്യവിൽപന കേന്ദ്രങ്ങളിൽ ആരോഗ്യപരിശോധനാ ക്യാംപുകൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ.

മദ്യം വാങ്ങാനെത്തുന്നവരുടെ രക്തസമ്മർദ്ദം, പ്രമേഹം, കരളിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് അതിന്റെ ഫലം നേരിട്ട് കാണിച്ചുകൊടുക്കുകയാണ് ഈ പദ്ധതിയുടെ രീതി. മദ്യപാനം മൂലം ഓരോരുത്തരുടെയും ആരോഗ്യനില എത്രത്തോളം അപകടത്തിലാണെന്നും, ഇനിയും ഈ ശീലം തുടർന്നാൽ ജീവൻ തന്നെ അപകടത്തിലാകുമെന്നും ഇവർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ സ്വന്തം ആരോഗ്യസ്ഥിതി നേരിൽ ബോധ്യപ്പെടുന്നതോടെ പലരും മദ്യപാനത്തിൽ നിന്ന് പിന്തിരിഞ്ഞേക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇതിനായി ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും ചേർന്ന് പ്രത്യേക സംഘത്തെത്തന്നെ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം മദ്യശാലകളിൽ നേരിട്ടെത്തി പതിവുകാർക്ക് ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്. സാഗർ സിറ്റി, ദേവൂരി, രാഹ്‌ലി, ബിന, ഖുറായ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി ഇതിനകം നൂറോളം മദ്യപാനികൾ ഈ ആരോഗ്യ പരിശോധനയിൽ പങ്കാളികളായി കഴിഞ്ഞു.

Fashion ⏭️

Back to top button