SPORTS

ഏഴു തലമുറകൾക്ക് ശേഷം കുടുംബത്തിൽ നിന്ന് ജോലിക്ക് ഇറങ്ങിയ ആദ്യ വനിത: വെളിപ്പെടുത്തലുമായി ആർസിബി സഹ ഉടമ അനന്യ ബിർള

മുംബൈ∙ ബിർള കുടുംബത്തിലെ കഴിഞ്ഞ ഏഴു തലമുറകളിൽ പുറത്തിറങ്ങി ജോലി ചെയ്യുകയും സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുക്കുകയും ചെയ്ത ആദ്യത്തെ വനിത താനാണെന്ന വെളിപ്പെടുത്തലുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സഹഉടമയും പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകളുമായ അനന്യ ബിർള. മുപ്പത്തിരണ്ടുകാരിയായ അനന്യ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കുടുംബത്തിലെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

‘‘ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ ഒരു സ്ത്രീയും വീടിന് പുറത്തിറങ്ങി ജോലി ചെയ്തിട്ടില്ല. ഏഴു തലമുറകൾക്ക് ശേഷം തൊഴിൽ രംഗത്തേക്ക് കടന്നുവന്ന ആദ്യത്തെ സ്ത്രീ ഞാനാണ്. അതിനാൽ തന്നെ, ആ ഒരു വലിയ അതിർവരമ്പ് മറികടക്കാൻ ഞാൻ ഏറെ പ്രയത്നിക്കേണ്ടി വന്നു. ഒരു ഗായിക എന്ന നിലയിൽ പ്രശസ്തയാകുന്നതിന് വളരെ മുൻപേ തന്നെ ഞാൻ എന്റെ ആദ്യത്തെ സംരംഭം തുടങ്ങിക്കഴിഞ്ഞിരുന്നു,’’ അനന്യ വ്യക്തമാക്കി. 1994-ൽ മുംബൈയിൽ ജനിച്ച അനന്യ, അമേരിക്കൻ സ്കൂൾ ഓഫ് ബോംബെയിലും തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്‌മെന്റിലും മികച്ച ബിരുദവും അവർ നേടി.

പതിനേഴാം വയസ്സിൽ ‘സ്വതന്ത്ര മൈക്രോഫിൻ’ എന്ന കമ്പനി സ്ഥാപിച്ചുകൊണ്ടാണ് അനന്യ ബിർള തന്റെ സംരംഭകത്വ ജീവിതത്തിന് തുടക്കമിട്ടത്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ചെറിയ തുക വായ്പയായി നൽകി അവരെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് താൻ നേതൃത്വം നൽകുന്ന ബിസിനസ്സ് സാമ്രാജ്യം ഡിജിറ്റൽ, കൺസ്യൂമർ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ അവർക്ക് സാധിച്ചു.

Auto ⏭️

Back to top button