‘പ്രിയദർശിനി വലിയ വിജയം, സ്വകാര്യ ബസുകളെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്’

സി പി ജോൺ ( ഫോട്ടോ: നിശാന്ത് എസ് )
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി വലിയ വിജയമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. പദ്ധതിയിലൂടെ സ്ത്രീകളുടെ വാർഷിക വരുമാനത്തിൽ ഏകദേശം 2000 രൂപയോളം വർദ്ധനവ് ഉണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേൾക്കുമ്പോൾ ചെറിയ കാര്യമായി തോന്നാമെങ്കിലും ഇത് നിരവധി സ്ത്രീകളുടെ ജീവിതം തന്നെ മാറ്റിയ പദ്ധതിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും മന്ത്രി വ്യക്തമാക്കി.
‘ഈ പദ്ധതിയുടെ ഭാഗമായി ചില മേഖലയിലുള്ള ചില പ്രെെവറ്റ് ബസ് സർവീസുകാർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകര
താലൂക്കിൽ സ്വകാര്യ ബസില്ല. അപ്പോൾ അവിടെ പ്രശ്നമില്ല. അതുപോലെ തന്നെ മലപ്പുറം ജില്ലയിൽ വളരെ കുറച്ച് കെഎസ്ആർടിസി ബസുകൾ മാത്രമേ ഉള്ളൂ. പ്രശ്നം വരുന്നത് ഒരു റൂട്ടിൽ രണ്ട് ബസുകൾ ഒരുമിച്ച് ഓടുമ്പോഴാണ്. കെഎസ്ആർടിസി ഓർഡിനറിയും സ്വകാര്യ ബസും ഒരുമിച്ച് ഓടുന്ന റൂട്ടുകളിലാണ് പ്രശ്നമുള്ളത്. ഞാൻ സ്വകാര്യ ബസിന്റെ പ്രതിനിധികളുമായി സംസാരിച്ചു. സമയം ക്രമപ്പെടുത്തി ആർക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ സർവീസുകൾ നടത്താം. നമ്മൾക്ക് ആരെയും തോൽപ്പിക്കേണ്ട. സ്വകാര്യ ബസിനെ നശിപ്പിക്കാൻ ഞങ്ങൾ നോക്കുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം. ടിക്കറ്റിന് അപ്പുറമ സ്വകാര്യ ബസിൽ എങ്ങനെ വരുമാനം ഉണ്ടാകാമെന്ന് നോക്കാം. ഒരു ഉദാഹരണം പറഞ്ഞാൽ അവർക്കും വേണമെങ്കിലും പരസ്യം ചെയ്യാം. സ്വകാര്യബസിനെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാം’- സി പി ജോൺ പറഞ്ഞു.
RELATED TOPICS: PRIYADARSHINI BUS, PRIVATE BUS KERALA, CP JOHN, KERALA PRIVATE BUS, PRIYADARSHINI BUS SCHEME
Source link
NEWS


