മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ സർക്കാർ നിർദേശം

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ, മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് (എസ്ഐടി) ഇതിനുള്ള നിർദ്ദേശം സർക്കാർ ഉടൻ നൽകുക. ഗവർണർ ഓംപ്രകാശ് മാഥൂർ ഇതിനായുള്ള അനുമതി നൽകിയതോടെയാണ് ആഭ്യന്തര വകുപ്പ് അടിയന്തര നടപടികളിലേക്ക് കടക്കുന്നത്.
കളമശേരി പോലീസ് സ്റ്റേഷനിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലും അന്വേഷണം സജീവമായി തുടരുകയാണ്. ഇതിനിടയിലാണ് പുതിയൊരു കേസ് കൂടി ചുമത്താൻ തീരുമാനമായിരിക്കുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറാനായി സ്പോൺസർക്ക് പണം നൽകിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകളും അന്വേഷണ ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
മുൻ മന്ത്രിയുൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്ഐടി സർക്കാരിനോട് നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമവിദഗ്ധരിൽ നിന്നും ഉപദേശം തേടിയ ശേഷമാണ് ഗവർണറുടെ ഔദ്യോഗിക അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. ഇപ്പോൾ അനുമതി ലഭിച്ച സാഹചര്യത്തിൽ, വരുംദിവസങ്ങളിൽ തന്നെ മുൻ മന്ത്രിയെ പ്രതിചേർത്തുകൊണ്ട് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
ഈ കേസിൽ ആർബിസി (RBC) ഉടമ ആന്റോ അഗസ്റ്റിൻ, മുൻ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.




