HEALTH

സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സുഖമായി ഉറങ്ങാൻ സാധിക്കുന്നില്ല; കാരണം ഇതാണ്


രാത്രിയിൽ കിടന്നാലും ഉറക്കം വരുന്നില്ലേ? അല്ലെങ്കിൽ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം മാറിയിട്ടില്ലെന്ന് തോന്നാറുണ്ടോ? ഇത്തരം പ്രശ്‌നങ്ങൾ പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ജോലി, വീട്ടുചുമതലകൾ, കുട്ടികളുടെ പരിചരണം, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ, ഒപ്പം അവസാനിക്കാത്ത ചിന്തകളും പല സ്ത്രീകളുടെയും ഉറക്കം കവർന്നെടുക്കുകയാണ്. ഇതേ വിഷയം അടുത്തിടെ നടിമാരായ സോഹ അലി ഖാനും കൽക്കി കോച്ച്‌ലിനും ഗൈനക്കോളജിസ്റ്റായ ഡോ. വിനി കൻട്രൂവും പങ്കെടുത്ത പോഡ്കാസ്റ്റിൽ ചർച്ചയായിരുന്നു. ഉറക്കത്തെക്കുറിച്ചുള്ള സംഭാഷണം പിന്നീട് മാതൃത്വം, മാനസികസമ്മർദം, ഹാർട്ട്‌ബ്രേക്ക്, ബേൺഔട്ട്, ഉറക്കക്കുറവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിലേക്കും നീണ്ടു.മകളുടെ ജനനശേഷം തന്റെ ഉറക്കരീതി പൂർണമായും മാറിയിരുന്നുവെന്ന് കൽക്കി കോച്ച്‌ലിൻ പറയുന്നു. കുഞ്ഞ് ജനിച്ച ആദ്യ മാസങ്ങളിൽ ശാരീരിക ക്ഷീണത്തേക്കാൾ മാനസിക സമ്മർദമായിരുന്നു കൂടുതലെന്ന് അവർ പങ്കുവെച്ചു. “കുഞ്ഞിനെ സുരക്ഷിതമായി വളർത്തേണ്ട ഉത്തരവാദിത്തം മുഴുവൻ സ്വന്തം ചുമലിലാണെന്ന തോന്നലാണ് ഉറക്കം നഷ്ടപ്പെടുത്തിയത്,” എന്നാണ് കൽക്കി പറഞ്ഞത്.സ്ത്രീകൾ ഒരേസമയം പല കാര്യങ്ങളും ചിന്തിക്കുകയും നിരവധി ജോലികൾ ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഈ ‘മൾട്ടിടാസ്‌കിങ്’ സ്വഭാവവും അമിതമായ ചിന്തകളും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഡോ. വിനി കൻട്രൂവിൻ അഭിപ്രായപ്പെട്ടത്.’വഴക്കിട്ട് ഉറങ്ങാൻ എനിക്കാവില്ല’ എന്നാണ് കൽക്കി തുറന്നു പറഞ്ഞത്. ഒരു ബന്ധം അവസാനിച്ചശേഷം മാസങ്ങളോളം ഉറക്കമില്ലായ്മ അനുഭവിച്ചെന്നും, ഉറക്കവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അവർ പറഞ്ഞു. അതേസമയം, അമിതമായ ജോലി സമയങ്ങളെയും ‘ഹസിൽ കൾച്ചറിനെയും’ കൽക്കി വിമർശിച്ചു. ജോലി കഴിഞ്ഞ് ഉറങ്ങാൻ ലഭിക്കുന്ന സമയം പലർക്കും വളരെ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. മാനസിക സമ്മർദം, ദുഃഖം, ഉത്കണ്ഠ, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നതായി വിദഗ്ധർ പറയുന്നു.ഉറക്കക്കുറവ് ഒരു ആരോഗ്യപ്രശ്‌നം ഇന്ത്യയിൽ ഉറക്കക്കുറവ് നിശ്ശബ്ദമായൊരു ആരോഗ്യപ്രതിസന്ധിയായി മാറുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമായി ഉറക്കക്കുറവിന് അടുത്ത ബന്ധമുണ്ടെന്നും അവർ പറയുന്നു. രാത്രിയിൽ മണിക്കൂറുകളോളം മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതും ഉറക്കം നഷ്ടപ്പെടാൻ പ്രധാന കാരണങ്ങളിലൊന്നാണ്. ഇപ്പോൾ നമ്മുടെ ഏറ്റവും വലിയ ശത്രു മൊബൈൽ ഫോണാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.


Cinema ⏭️

Back to top button