BUSINESS

76 വര്‍ഷത്തെ നിബന്ധനകള്‍ തിരുത്തി ഇഎസ്ഐസി: ചികിത്സാ, പ്രസവ ആനുകൂല്യങ്ങള്‍ ഇനി അപേക്ഷയില്ലാതെ ബാങ്ക് അക്കൗണ്ടിലേക്ക്

ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1950-ലെ വ്യവസ്ഥകൾക്ക് വിട നൽകിക്കൊണ്ട്, കേന്ദ്ര സർക്കാർ ‘എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ജനറൽ) റെഗുലേഷൻസ് 2026’ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) കൊണ്ടുവന്ന ഈ വിപ്ലവകരമായ മാറ്റം, സാധാരണക്കാരായ കോടിക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇനി മുതൽ അസുഖം, പ്രസവാവധി, ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കായി പ്രത്യേകം അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതില്ല. പകരം, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി ഈ തുക നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.

പുതിയ ഇഎസ്ഐ പരിഷ്കാരത്തിലൂടെ തൊഴിൽ മേഖലയിൽ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. 76 വർഷം പഴക്കമുള്ള പഴയ നിയമങ്ങൾ മാറ്റിസ്ഥാപിച്ചാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. 2020-ലെ സോഷ്യൽ സെക്യൂരിറ്റി കോഡിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഭേദഗതി.

പുതിയ നിയമങ്ങൾ എന്ത് പറയുന്നു?

പ്രത്യേക അപേക്ഷകളില്ലാതെ ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്താൻ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇഎസ്ഐയുടെ ഓൺലൈൻ സംവിധാനത്തിലൂടെ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നതാണ് ആദ്യത്തേത്. രണ്ടാമതായി, തൊഴിലുടമകൾ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ വിവരങ്ങളും പ്രതിമാസ റിട്ടേണുകളും കൃത്യസമയത്ത് ഇഎസ്ഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കണം. അവസാനമായി, തൊഴിലാളിയുടെ ഇഎസ്ഐ നമ്പറും ബാങ്ക് വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലിടങ്ങളിൽ അനിഷ്ട സംഭവങ്ങളോ അപകടമരണങ്ങളോ ഉണ്ടായാൽ, തൊഴിലുടമ സമർപ്പിക്കുന്ന ആക്സിഡന്റ് റിപ്പോർട്ടിനെത്തന്നെ ക്ലെയിമായി പരിഗണിക്കുമെന്നതാണ് പുതിയ ചട്ടത്തിലെ മറ്റൊരു പ്രത്യേകത.

തൊഴിലാളികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

ഇഎസ്ഐ സേവനങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നതും നീണ്ട പേപ്പർവർക്കുകളും ഇനി ഒഴിവാക്കാം. അടിയന്തര സാഹചര്യങ്ങളിൽ പണം വൈകാതെ തന്നെ അക്കൗണ്ടിലെത്തുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പരിക്കേറ്റ് വിശ്രമിക്കുന്നവർക്കും ആശ്രിതർക്കും അപേക്ഷാ സമർപ്പണത്തിലെ നൂലാമാലകൾ കാരണം പണം ലഭിക്കാൻ വൈകുന്നത് ഇതോടെ ചരിത്രമാകും.

ആർക്കൊക്കെ പ്രയോജനം?

ചികിത്സാ ആനുകൂല്യങ്ങൾക്കും പ്രസവകാല സഹായങ്ങൾക്കും അർഹരായവർ, ജോലിസ്ഥലത്തെ അപകടങ്ങൾ കാരണം താൽക്കാലികമായോ സ്ഥിരമായോ വൈകല്യം സംഭവിച്ചവർ, തൊഴിലിടത്തിലെ അപകടമരണങ്ങളിൽ പെട്ടവരുടെ ആശ്രിതർ എന്നിവർക്കെല്ലാം ഈ സംവിധാനം സഹായകമാകും.

ഇഎസ്ഐ അംഗത്വ യോഗ്യതകൾ

2020-ലെ സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരം, 10-ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ നിർബന്ധമാണ്. പ്രതിമാസം 21,000 രൂപ വരെ വേതനം വാങ്ങുന്നവർക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാം. അതേസമയം, ഭിന്നശേഷിക്കാരായ ജീവനക്കാരുടെ കാര്യത്തിൽ ഈ ശമ്പള പരിധി 25,000 രൂപ വരെയാണ്.

തൊഴിലാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തടസ്സങ്ങളില്ലാത്ത പണമിടപാടിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ഇഎസ്ഐ നമ്പറും ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉടൻ പരിശോധിക്കുക. നിയമങ്ങൾ പ്രാബല്യത്തിൽ വന്നുവെങ്കിലും, തൊഴിലുടമകളുടെ വിവരങ്ങൾ സിസ്റ്റവുമായി പൂർണ്ണതോതിൽ കോർത്തിണക്കുന്നതിന് ചെറിയൊരു സമയം ആവശ്യമായി വരും. അതുകൊണ്ട് തന്നെ ഓട്ടോമാറ്റിക് പേയ്‌മെന്റ് സംവിധാനം പൂർണ്ണമായി സജ്ജമാകുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്.

അതേസമയം, സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായാൽ പഴയതുപോലെ നേരിട്ടോ ഓൺലൈൻ വഴിയോ ക്ലെയിമുകൾ സമർപ്പിക്കാനുള്ള അവകാശം തൊഴിലാളികൾക്ക് തുടർന്നും ഉണ്ടായിരിക്കും. എന്തെങ്കിലും കാരണവശാൽ ഡിബിടി വഴി പണം കൈമാറാൻ കഴിഞ്ഞില്ലെങ്കിൽ, കാരണം വ്യക്തമാക്കിക്കൊണ്ട് മറ്റ് മാർഗ്ഗങ്ങളിലൂടെ ആനുകൂല്യം വിതരണം ചെയ്യാനുള്ള അധികാരം ഇഎസ്ഐസിക്ക് ഉണ്ടായിരിക്കും.

Read News

Back to top button