NEWS

എക്സൈസ് കമ്മിഷണർ സ്ഥാനമാറ്റം: ഐഎഎസ് തലപ്പത്ത് അതൃപ്തി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ അതൃപ്തിയും വിവാദങ്ങളും പുകയുന്നു. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയതിന് പിന്നിൽ വൈദ്യുതി വാങ്ങിയതിലെ ഉയർന്ന നിരക്കുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പൊതുവിദ്യാഭ്യാസ വകുപ്പിൽ പുതിയ മേധാവിയെ നിയമിച്ചിട്ടും, ഡൽഹിയിൽ നടന്ന യോഗത്തിൽ വകുപ്പിനെ പ്രതിനിധീകരിച്ച് ഡി. സജിത് ബാബു പങ്കെടുത്തത് പുതിയ ചർച്ചകൾക്ക് വഴിതുറന്നു. ആരോഗ്യവകുപ്പിൽനിന്ന് തന്നെ മാറ്റിയ രീതിയിൽ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബാർ ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ തന്നെ അറിയിക്കാതെ തീരുമാനമെടുത്ത എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെതിരെ മന്ത്രി എം. ബി. രാജേഷ് പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തിയതോടെ, അദ്ദേഹത്തെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. കേവലം ആറു മാസത്തിനിടെ സർക്കാർ ഉദ്യോഗസ്ഥരെ വീണ്ടും വീണ്ടും സ്ഥലം മാറ്റുന്ന നടപടിയിൽ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അതൃപ്തിയുണ്ട്.

Fashion ⏭️

Back to top button