NEWS

മോഷണവും സ്‌ത്രീകൾക്കെതിരായ ശല്യപ്പെടുത്തലുകളും തടയാൻ ‘ഓപ്പറേഷൻ ഓണത്തുമ്പി’; തലസ്ഥാനത്ത് ഷാഡോ നിരീക്ഷണം ശക്തമാക്കും

പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ മോഷണം, സ്ത്രീകളെ ശല്യം ചെയ്യൽ തുടങ്ങിയ സംഭവങ്ങൾ തടയാൻ പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കി. ഓപ്പറേഷൻ ഓണ തുമ്പിയെന്നാണ് നൽകിയിരിക്കുന്ന പേര്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന 50ഓളം പേരുടെ തുമ്പികളായ ഷാഡോ സംഘത്തെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. പ്രധാന വ്യാപാരകേന്ദ്രങ്ങൾ, കമ്പോളങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഓണാഘോഷ വേദികൾ എന്നിവിടങ്ങളിൽ ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കും. തിരക്കിനിടെ മോഷണവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നടത്തുന്നവരെ കണ്ടെത്തുകയാണ് തുമ്പികളുടെ ദൗത്യം.

ഓണാഘോഷങ്ങൾ ലഹരിമുക്തവും സമാധാനപരവുമായി നടത്താൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ലഹരിമരുന്നുകളുടെ ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചേർന്ന ജില്ലാതല സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കുട്ടികളിലും യുവാക്കളിലും ഇതിന്റെ സ്വാധീനം കൂടുന്നതിനൊപ്പം കുടുംബങ്ങളിലും നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയാനും അവരെ നിയമത്തിന് മുന്നിലെത്തിക്കാനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ ബോദ്ധവൽക്കരണ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് കൂടുതൽ സജീവമായി ഇടപെടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി മാഫിയയെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങളുടെ മാത്രം ഇടപെടൽ പോരാ. യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയും സഹകരണവും അനിവാര്യമാണ്. ജനപ്രതിനിധികളെയും കൗൺസിലർമാരെയും പങ്കെടുപ്പിച്ച് നേരത്തെ നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെ ലഹരി ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണം സുരക്ഷിതവും സമാധാനപരവുമായി ആഘോഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Thiruvananthapuram Police initiated “Operation Ona Thumbi” with a 50-member shadow squad to combat theft and harassment during the Onam rush. Health Minister K. Muraleedharan urged public vigilance against drug use and sales, advocating for a peaceful and drug-free festival. He emphasized government and community collaboration to tackle the increasing drug menace affecting youth and families.

Read News ⏭️

Back to top button