ബിവൈഡി ഡെൻസ ഇന്ത്യയിൽ: 730 കിമീ റേഞ്ചുള്ള ഡി9, കരുത്തൻ ഇസഡ്9 ജിടി എന്നിവ അവതരിപ്പിച്ചു

ചൈനീസ് വാഹന ഭീമനായ ബിവൈഡിയുടെ ആഡംബര വിഭാഗമായ ‘ഡെൻസ’ ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡെൻസ D9, ഡെൻസ Z9 ജിടി എന്നീ രണ്ട് അത്യാധുനിക ഇലക്ട്രിക് മോഡലുകളെയാണ് കമ്പനി വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. ആഡംബര എംപിവി വിഭാഗത്തിൽ പെടുന്ന D9-ന് 90 ലക്ഷം രൂപയും, കരുത്തുറ്റ ഇലക്ട്രിക് ഷൂട്ടിങ് ബ്രേക്ക് മോഡലായ Z9 ജിടിക്ക് 1.56 കോടി രൂപയുമാണ് എക്സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഗുരുഗ്രാം, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ അംഗീകൃത ഡീലർഷിപ്പുകൾ വഴി 10 ലക്ഷം രൂപ അടച്ച് ഇപ്പോൾ ഈ വാഹനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.
ലക്സസ് LM, ടൊയോട്ട വെൽഫയർ, കിയ കാർണിവൽ, എംജി M9, മെഴ്സിഡസ് ബെൻസ് V-ക്ലാസ് എന്നിവരുമായി മാറ്റുരയ്ക്കാൻ എത്തുന്ന ഡെൻസ D9-ൽ 115 kWh ബാറ്ററി പാക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 456 bhp കരുത്തും 365 Nm ടോർക്കും നൽകുന്ന വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 730 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കളുടെ വാദം. ആകർഷകമായ ക്രോം ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ, 18 ഇഞ്ച് അലോയി വീലുകൾ, മികച്ച ഡിസൈനിലുള്ള കണക്റ്റഡ് ടെയിൽ ലൈറ്റുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു.
അകത്തളത്തിലേക്ക് വന്നാൽ, രണ്ടാം നിരയിലെ ‘ക്യാപ്റ്റൻ സീറ്റുകളാണ്’ പ്രധാന പ്രത്യേകത. 10-പോയിന്റ് മസാജ് സൗകര്യം, 10-വേ പവർ അഡ്ജസ്റ്റ്മെന്റ്, ഹീറ്റിംഗ്, വെന്റിലേഷൻ, മെമ്മറി ഫംഗ്ഷനുകൾ എന്നിവ ഈ സീറ്റുകളിലുണ്ട്. ഇതിനു പുറമെ മൾട്ടി ഫംഗ്ഷൻ ആംറെസ്റ്റ് സ്ക്രീനുകൾ, ഫ്രിഡ്ജ്, പനോരമിക് സൺറൂഫ്, 15.6 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ, 10.25 ഇഞ്ച് 3D ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 16 സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്. വേൽ സീ ബ്ലൂ, കോസ്മോസ് ബ്ലാക്ക്, സ്റ്റാറി നൈറ്റ് ഗ്രേ, ആർട്ടിക് വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലും മൂന്ന് ഇന്റീരിയർ തീമുകളിലും വാഹനം ലഭ്യമാണ്.
സൂപ്പർകാർ പ്രകടനവുമായി എത്തുന്ന ഡെൻസ Z9 ജിടി, പോർഷെ ടൈകാനുമായുള്ള ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. 122.5 kWh ബാറ്ററി പാക്കും മൂന്ന് മോട്ടോറുകളും ചേരുമ്പോൾ 1139 എച്ച്പി കരുത്തും 1210 എൻഎം ടോർക്കുമാണ് ഈ വാഹനം പുറത്തെടുക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 2.7 സെക്കൻഡ് മാത്രം മതിയാകുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 270 കിലോമീറ്ററാണ്. NEDC കണക്കുകൾ പ്രകാരം 670 കിലോമീറ്റർ റേഞ്ചും വാഹനം വാഗ്ദാനം ചെയ്യുന്നു. ഫ്ലാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ളതിനാൽ 9 മിനിറ്റിനുള്ളിൽ തന്നെ 10 മുതൽ 97 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ, ക്രാബ് വാക്ക് ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യകളും ഈ മോഡലിനെ വേറിട്ടുനിർത്തുന്നു.




