അരൂർ–തുറവൂർ ഉയരപ്പാത പൂർത്തിയാകുന്നു; 95 കിലോമീറ്റർ ആലപ്പുഴ ദേശീയപാതയിൽ രണ്ട് ടോൾ പ്ലാസകൾ

ആലപ്പുഴയിൽ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഒരേ വേഗത്തിലല്ല മുന്നോട്ട് പോകുന്നത്. ജില്ലയുടെ ഒരു ഭാഗത്ത് പണികൾ അതിവേഗം നടക്കുമ്പോൾ മറുഭാഗത്ത് അതീവ മന്ദഗതിയിലാണ്. നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ പ്രയാസകരമായിരിക്കും. ഇതിനോടകം തന്നെ 94 ശതമാനം പണികളും പൂർത്തിയായ അരൂർ – തുറവൂർ എലവേറ്റഡ് ഹൈവേയാകും ജില്ലയിൽ ആദ്യം യാഥാർത്ഥ്യമാകുക. തുറവൂർ – പറവൂർ ഭാഗത്തും നിർമാണം സജീവമായി നടക്കുന്നതിനാൽ വരുന്ന വർഷത്തോടെ അത് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 2026 ജൂൺ മാസത്തിന് മുൻപായി ഈ റീച്ചുകളിലെ പണികൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്.
പറവൂർ – കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര – കൃഷ്ണപുരം ഭാഗങ്ങളിൽ നിർമാണം പൂർത്തിയാക്കാൻ അടുത്ത വർഷാവസാനം വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, ആ കാലയളവിനുള്ളിൽ ജോലി തീർക്കാനുള്ള സാധ്യത വളരെ കുറവാണ്. പദ്ധതി പൂർണമായി പൂർത്തീകരിക്കാൻ ഏറെ വൈകും. കായംകുളത്ത് ഉയരപ്പാത നിർമിക്കുന്നതിന് തത്വത്തിൽ അനുമതി ലഭിച്ചതായി മന്ത്രി എം.ലിജു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല. കായംകുളത്തെ എലവേറ്റഡ് ഹൈവേ ഉൾപ്പെടെയുള്ള കൊറ്റുകുളങ്ങര– കൊല്ലം കാവനാട് റീച്ചിലെ പരിഷ്കരിച്ച ഡിസൈൻ പ്രകാരമുള്ള നിർമാണങ്ങളെ നിലവിലുള്ള കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ കരാർ കമ്പനി നിലവിലെ പണികൾ മാത്രം പൂർത്തിയാക്കി ഒഴിഞ്ഞേക്കും. ഇതോടെ ഈ റീച്ചുകളിലെ നിർമാണം പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പുതിയ ആവശ്യങ്ങൾ നിർമാണ പുരോഗതിയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിക്കാനും കരാർ കമ്പനികൾ തയ്യാറായേക്കാം.
സർവീസ് റോഡുകളുടെ വീതിയെ ചൊല്ലിയും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഒന്നര മീറ്റർ വീതിയുള്ള ഓടകൾ ഉൾപ്പെടെ ഏഴ് മീറ്റർ വീതിയാണ് സർവീസ് റോഡിന് വേണ്ടത്. എന്നാൽ സ്ഥലപരിമിതി കാരണം ജില്ലയിലെ പലയിടങ്ങളിലും ഈ മാനദണ്ഡം പാലിക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുകയാണെങ്കിൽ സർവീസ് റോഡുകൾ കൂടുതൽ വീതികൂട്ടി നിർമിക്കാൻ തയ്യാറാണെന്ന് ദേശീയപാത അധികൃതർ അറിയിച്ചിട്ടുണ്ട്.




