HEALTH

ആലപ്പുഴ മെഡിക്കൽ കോളേജ്: ഡോക്ടർമാർക്ക് നേരെ കൈയേറ്റം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന എട്ടു ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ ആരോഗ്യവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ദിനംപ്രതി ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം വർധിക്കുമ്പോഴും, മതിയായ ഡോക്ടർമാരില്ലാതെ നട്ടംതിരിയുന്ന ആശുപത്രിക്കുള്ള തിരിച്ചടിയാണ് ഈ ഉത്തരവെന്ന വിമർശനം ശക്തമാണ്. പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതെ ഡോക്ടർമാരെ മാറ്റിയ വിഷയത്തിൽ ‘മാധ്യമം’ ഞായറാഴ്ച വാർത്ത പുറത്തുവിട്ടിരുന്നു.

യുഡിഎഫ് സർക്കാർ തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിലേക്കാണ് ഭൂരിഭാഗം പേരെയും മാറ്റിനിയമിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി നേരത്തെ രണ്ടുതവണ ആശുപത്രി സന്ദർശിച്ചപ്പോഴും ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്വന്തം പിതാവിന്റെ പേരിയിലുള്ള ആശുപത്രിക്ക് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനായി ആലപ്പുഴയിൽനിന്ന് ഡോക്ടർമാരെ ബലിയാടാക്കുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവൽ ആരോപിച്ചു. മണ്ഡലം എംഎൽഎ ഇതിനെല്ലാം മൗനസമ്മതം നൽകി സാധാരണക്കാരായ രോഗികളെ പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പകരം ഡോക്ടർമാരെ നിയമിക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ ആരെയും സ്ഥലംമാറാൻ അനുവദിക്കില്ലെന്ന് സമരക്കാർ നിലപാടെടുത്തു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന് കാണിച്ച് സൂപ്രണ്ട് ഇതിന് വിസമ്മതിച്ചു. ഇതോടെ പ്രവർത്തകർ ശക്തമായ മുദ്രാവാക്യം വിളികളുമായി ഉപരോധം തുടർന്നു. തുടർന്ന് അമ്പലപ്പുഴ, പുന്നപ്ര സിഐമാരായ വിഷ്ണു കുമാർ, പി.കെ. മോഹിത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. രാവിലെ പതിനൊന്നിന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ആർ. രാംജിത്ത്, അനസ് എ. നസിം, ട്രഷറർ ജെ. ജിസ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. ശ്യാംകുമാർ, അജ്മൽ ഹസൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.ജി. അരുൺ കുമാർ, അനീഷ് കുര്യൻ, എം. സുമേഷ്, ജില്ലാ കമ്മിറ്റി അംഗം ജീതു പ്രവീൺ, ബ്ലോക്ക് സെക്രട്ടറി അമൽ വിജയൻ, ട്രഷറർ എസ്. അജ്വോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്.

Life Style ⏭️

Back to top button